”റസാക്കര്‍ എന്ന പേരിലുള്ള സ്വകാര്യ സേനയെ ഉപയോഗിച്ച് നൈസാം ഭാരതത്തില്‍ ചേരാനുള്ള ആവശ്യത്തെ നിര്‍ദാക്ഷണ്യം അടിച്ചമര്‍ത്തി.”
ഇരുപതു വര്‍ഷം മുന്‍പുള്ള ഹൈസ്കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ വായിച്ചുമറന്ന ഒറ്റവരിയാണ്. All is well that ends well എന്ന പഴമൊഴിയെ അധികരിച്ചു ഹൈദരാബാദ് ഭാരതത്തിന്റെ ഭാഗമായതോടെ നമ്മളെല്ലാം മുകളിലെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന നീറുന്ന സത്യങ്ങളെ സൗകര്യപൂര്‍വം മറന്നുപോയി. ആ മറക്കപ്പെട്ട സത്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം.
യത സത്യനാരായണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത റസാക്കര്‍: ദ സൈലന്റ് ജിനോസൈഡ് ഓഫ് ഹൈദരാബാദ് എന്ന ചിത്രം ഹൈദരാബാദിലെ നൈസാമിന്റെ കൊടുംക്രൂരതകള്‍ വരച്ചുകാട്ടുന്നു. ഹൈദരാബാദിനെ പൂര്‍ണമായും ഒരു മുസ്ലിം പ്രദേശമാക്കി മാറ്റി അതുവഴി പാകിസ്ഥാനില്‍ ചേരാനോ അല്ലെങ്കില്‍ സ്വാതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള ശ്രമങ്ങളും, അതിനായി ക്രൂരന്മാരായ റസാക്കന്മാര് എന്ന സ്വകാര്യ സേനയെ എങ്ങനെ ഉപയോഗിച്ചെന്നും ചിത്രം പറയുന്നു.
1921 ലെ മാപ്പിളലഹളയെ ഓര്‍മിപ്പിക്കുന്നതാണ് റസാക്കര്‍ എന്ന ചിത്രം. (ഭാഗ്യത്തിന് റസാക്കര്‍മാര്‍ നടത്തിയത് കാര്‍ഷിക വിപ്ലവം ആയിരുന്നെന്നും അവര്‍ക്കു സ്വാതന്ത്ര്യസമര സേനാനികള്‍ ആയി അംഗീകരിക്കണം എന്നും ആരും പറയുന്നില്ല) എന്നാല്‍ 1921ലെ വംശഹത്യയില്‍ ഉള്ളതുപോലെ ചെറുത്തുനില്ക്കാനാകാതെ പലായനം ചെയ്യുന്നവരുടെ കഥയല്ല ഈ ചിത്രം പറയുന്നത്. ഭരണകൂടത്തിന്റെ പൂര്ണപിന്തുണയോടെ അതിഭീകരമായി തുടച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴും അതിനെതിരെ നടന്ന ധീരമായ ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും കഥകള്‍ ഈ ചിത്രം നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നു.
നാല്‍പ്പത്തിനായിരത്തില്‍പ്പരം പേരെ തുടച്ചുനീക്കിയതായി കരുതപ്പെടുന്ന റസാക്കര്‍മാരുടെ ക്രൂരകൃത്യങ്ങളില്‍ ഒന്ന് മാത്രമാണ് ഭൈരമ്പള്ളിയില്‍ നടത്തിയ കൂട്ടക്കൊല. നാടന്‍ ആയുധങ്ങളുമായി റസാക്കന്മാരുടെ ക്രൂരതകളെ ചെറുക്കുകയും അവരെ പലവട്ടം തോല്‍പ്പിച്ച് ഓടിക്കുകയും ചെയ്ത ആ ഗ്രാമീണരെ ഒരു വന്പിച്ച സൈന്യവുമായി വന്നു അപ്രതീക്ഷിതമായി തോല്‍പ്പിക്കുകയും, അവിടുത്തെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയും, ആ ശവങ്ങളുടെ മുന്നില്‍ അവരുടെ സ്ത്രീകളെ നഗ്നരായി നൃത്തം ചെയ്യിച്ചതിനുശേഷം കൂട്ട ബലാല്‍സംഗം ചെയ്യുന്നതുപോലുള്ള ചരിത്ര സംഭവങ്ങള്‍ പ്രേക്ഷകരുടെ രക്തം മരവിപ്പിക്കുന്നതാണ്. ഇതുപോലെ ചെറുതും വലുതുമായ നിരവധി ചെറുത്തുനില്‍പ്പുകളുടെ ധീരകഥകള്‍ ഈ ചിത്രം നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നു
നൈസാമിന്റെയും ഭാരത ഭരണകൂടത്തിന്റെയും രാഷ്ട്രീയ നിലപാടുകളിലൂടെ ചിത്രം കൃത്യമായി കടന്നുപോകുന്നുണ്ട്. ഒപ്പം ഹിറ്റ്ലറുടെ നാസികള്‍ ജൂതസമൂഹത്തോട് ചെയ്ത ക്രൂരതകളെ ലജ്ജിപ്പിക്കുന്ന റസാക്കന്മാരുടെ ക്രൂരതകളുടെ നടു നായകത്വം വഹിച്ച കാസിം റിസ്വി എന്ന മനുഷ്യ മൃഗത്തെയും തുറന്നുകാണിക്കുന്നു. ഓപ്പറേഷന് പോളോക്കുശേഷം പത്തുകൊല്ലം തടവ് ശിക്ഷ അനുഭവിച്ചിട്ട് ഇയാള്‍ പാകിസ്ഥാന് പൗരത്വം സ്വീകരിച്ച് അവിടേക്ക് പോവുകയുണ്ടായെന്ന് ചരിത്രം പറയുന്നു.
സര്‍ദാര്‍ പട്ടേലായി അഭിനയിച്ച തേജ് സപ്രു മികച്ച നിലവാരം പുലര്‍ത്തി. ബോബി സിംഹ (രാഗി റെഡ്ഡി) മകരന്ദ ദേശ്പാണ്ഡെ (നൈസാം) രാജ് അര്ജുന് (കാസിം റിസ്വി) ഇന്ദ്രജ, വേദിക, തലൈവാസല്‍ വിജയ് തുടങ്ങിയ പരിചിത മുഖങ്ങള്‍ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ നമുക്ക് പരിചിതമല്ലാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര് പ്രേക്ഷകരുടെ മനസ്സില്‍ ഒരു വേദനയായി നിലനില്ക്കും. സന്ദര്‍ഭത്തിനു യോജിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ഈ ചിത്രത്തിന് മാറ്റുകൂട്ടുന്നു.
ഈ ചിത്രം ചരിത്രത്തിന്റെ പുനര്‍വായന മാത്രമല്ല. പുതിയ രൂപത്തിലും പുതിയ ഭാവത്തിലും റസാക്കര്‍മാര്‍ രൂപമെടുക്കുന്ന കേരളത്തില്‍ ഇതുപോലെയുള്ള ചിത്രങ്ങളുടെ പ്രസക്തി എത്രയുണ്ടെന്നുള്ള ചിന്ത പ്രേക്ഷകര്‍ക്കു വിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: