ന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ ധാര്‍മികതയെകുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ ജയിലിലിരുന്ന് ഭരണം നടത്തുന്നത് വിരോധാഭാസമാണന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ദല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് രാഷ്ട്രീയത്തിലെ ധാര്‍മികതയെക്കുറിച്ച് സംസാരിച്ചിരുന്നവരാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും. എന്നാല്‍ കേജ്രിവാളുള്‍പ്പെടെ ഇപ്പോള്‍ ജയിലിലാണ്. കേജ്രിവാള് ജയിലില്‍ നിന്ന് ഭരണം നടത്തുമെന്നാണ് പറയുന്നത്. ഇത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. അറസ്റ്റിലായിട്ടും ദല്‍ഹി മുഖ്യമന്ത്രിയായി കേജ്രിവാള് തുടരുന്നത് രാജ്യത്തിന്റെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ നിമിഷമാണ്. ഏറ്റവും മോശം രാഷ്ട്രീയമാണിതെന്നും അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലുണ്ടായ മദ്യദുരന്തം മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പിടിപ്പുകേടാണ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് 21 പേര് മദ്യദുരന്തത്തില്‍ മരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയുടെ പേരില്‍ മുമ്പ് കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും വിമര്‍ശിച്ച ആളാണ് കേജ്രിവാള്. കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചും കേജ്രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുകൂട്ടരും സഖ്യത്തിലാണ്.
അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കേജ്രിവാളിനെയും ആപിനെയും പിന്തുണക്കുകയാണ്. ഇതു കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആം ആദ്മി പാര്‍ട്ടി ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടിയെന്നും അനുരാഗ് സിങ് ഠാക്കൂര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: