മനോഹര്‍ ഇരിങ്ങല്‍
നേരത്തേ കാലത്തേ വരണേ കാമ… കുഞ്ഞ്യഗലത്താറാട്ടിന്
പോലേ കാമാ… തെക്കുള്ള പെണ്ണുങ്ങള് ചതിക്ക്വേ കാമാ…
ഈന്തോല പന്തലില്‍ പോലേ കാമാ…
ഈന്തോല ചുട്ടുകരിക്ക്വേ കാമാ…
ഉത്തര മലബാറിലെ പ്രസിദ്ധമായ പൂരം ആഘോഷ നാളുകളില്‍ ഹൈന്ദവ വീടുകളില്‍ നിന്ന് കാമദേവനെ യാത്രക്കുമ്പോള്‍ സ്ത്രീകള്‍ വേദനയോടെ പാടുന്ന പാട്ടാണിത്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആഘോഷിക്കപ്പെടുന്ന പൂരം ചടങ്ങിന്റെ ഭാഗമായാണ് കാമനെ ഉണ്ടാക്കുന്നത്. പേരില്‍ സൂചിതമാകുന്ന പോലെ കാമം അഥവാ പ്രണയത്തിന്റെ പുനഃസൃഷ്ടിക്കാണ് പൂരം കൊണ്ടാടുന്നത്. ഇന്ന് അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഈ പൗരാണിക ആഘോഷത്തിനു പിന്നില്‍ ഒരു കാലത്ത് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷ്യമായ പ്രണയത്തെ വീണ്ടെടുക്കാന്‍ ഒരു ജനസമൂഹം നടത്തിയ കൂട്ടായ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മപ്പെടുത്തലുകളുടെ കഥയാണുള്ളത്. സതീദേവിയുടെ മരണത്തില്‍ ദു:ഖിതനായ ഭഗവാന് പരമശിവന് കഠിന തപസിനായി പോയതോടെ ദേവലോകത്തിന്റെ ഐശ്വര്യം ഒന്നാകെ ഇല്ലാതായി.
അങ്ങനെ ശിവനെ തിരികെ കൊണ്ടുവരാനും ദു:ഖം മാറ്റുന്നതിനും വേണ്ടി ദേവന്മാര് കാമദേവനെ ചുമതലപ്പെടുത്തി . തന്റെ ചില വിദ്യകളിലൂടെ അദ്ദേഹം ശിവന്റെ തപസിളക്കി. എന്നാല്‍ തന്റെ തപസിനു ഭംഗം വരുത്തിയ കാമദേവനോട് ശിവന് കലശലായ കോപമാണുണ്ടായത്. കോപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തൃക്കണ്ണ് തുറന്ന ഭഗവാന് മുന്നില്‍ നില്ക്കുന്ന കാമദേവനെ ഭസ്മമാക്കിക്കളഞ്ഞു. കാമദേവന് ഇല്ലാതായതോടെ ഭൂമിയില്‍ നിന്ന് പ്രണയവും കാമവികാരങ്ങളും ഒന്നാകെ നഷ്ടപ്പെട്ടു. തീര്‍ത്തും വിരസമായ ജീവിതമായിരുന്നു പിന്നീടുണ്ടായിരുന്നതത്രെ. അങ്ങനെ ദേവന്മാര് എല്ലാവരും കൂടി മഹാവിഷ്ണുവിനെ കണ്ട് തങ്ങളുടെ സങ്കടമുണര്‍ത്തിക്കുകയും കാമദേവന് തിരിച്ചു വരേണ്ട ആവശ്യകത സൂചിപ്പിക്കുകയും ചെയ്തു.
ലോകത്ത് പ്രണയം തിരിച്ചുവരുവാനും കാമം പുനര്‍ജനിക്കുന്നതിനും വിഷ്ണു ദേവന്മാര്ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. വസന്തകാലത്ത് കന്യകയായ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മിച്ച് അതില്‍ പുഷ്പം അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ കാമദേവന് പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരികെ എത്തുമെന്നും അരുള്‍ ചെയ്തു. അതിനുശേഷം ദേവകന്യ കമാര് നടത്തിയ വിശിഷ്ടമായ ആരാധനയുടെ ഫലമായാണ് കാമദേവന് പുനര്‍ജനിച്ചതും ഭൂമിയില്‍ പ്രണയം തിരികെ വന്നതുമെന്നുമാണ് വിശ്വാസം. ഇതിന്റെ ഓര്‍മയിലാണ് ഉത്തര മലബാറില്‍ പൂരം കൊണ്ടാടുന്നത്.
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരോത്സവം ആ ഘോഷിക്കുന്നത്. ഉത്തര മലബാറിലെ ഹൈന്ദവഗൃഹങ്ങളില്‍ ഈ ചടങ്ങിനെ മലബാറിലെ വസ ന്തോത്സവം എന്നും വിളിക്കപ്പെടുന്നു. പൂരത്തിന്റെ ഭാഗമായി ഏഴു ദിവസമാണ് വീടുകളില്‍ കാമന്റെ രൂപം ഉണ്ടാക്കുന്നത്. മണ്ണോ ചാണകമോ ഇവയ്ക്കു വേണ്ടി ഉപയോഗിച്ചുവരുന്നു. കുന്നിക്കുരു കൊണ്ട് കണ്ണുകളും പൂക്കളാല്‍ മാലയും കൊണ്ട് അലങ്കരിച്ച അവസാന ദിവസത്തെ വലിയകാമന്‍ ഉള്‍പ്പെടെ ആകെ 21 കാമനെയാണ് വീടുകളില്‍ ഉണ്ടാക്കി പൂജ ചെയ്യുന്നത്. കൂടാതെ രണ്ടു നേരം കാമനു പൂവിടുകയും വെള്ളം കൊടുക്കു കയും ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വ്ര തം നോറ്റാണ് ഈ ദിവസങ്ങളില്‍ കാമദേവനെ പൂജിക്കുന്നത്.
എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധാരണയായി പടിപ്പുരയ്ക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിന്‍പൂ, എരിഞ്ഞിപ്പൂ, ചെത്തിപ്പൂ, അശോകപ്പൂ, ജടപ്പൂ, മുല്ലപ്പൂ, താമരപ്പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി പൊതുവെ ഉപയോഗിക്കുന്നത്.
പൂരത്തിന്റെ അവസാന ദിവസം നടക്കുന്ന ചടങ്ങാണ് കാമനെ യാത്രയാക്കല്‍ ചടങ്ങ്. വീട്ടിലെ പ്ലാവിന്റെയോ മാവിന്റെയോ കിണറ്റിന്റെയോ ചുവട്ടിലേക്ക് കാമനെ പറഞ്ഞയക്കുന്ന വികാരനിര്‍ഭരമായ ചടങ്ങാണിത്.
ഇനിയത്തെ കൊല്ലവും നേരത്തെ കാലത്തേ വരണേ കാമാ എന്ന് ചൊല്ലിയാണ് യാത്രയാക്കുന്നത്.. അന്നേ ദിവസം കാമനെ ദേവനായി സങ്കല്പിച്ച് പ്രത്യേകം പൂര ടയും പൂരക്കഞ്ഞിയും നിവേദ്യമായി സമര്‍പ്പിക്കുന്ന പതിവുമുണ്ട്.
കണ്ണൂര്‍ മാടായിക്കാവിലും കാസര്‍കോട് ചെറുവത്തൂരിലെ വീരഭദ്ര ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭഗവതിക്കാവുകളും കേന്ദ്രീകരിച്ച് പൂരക്കളി, പൂരം കുളി തുടങ്ങിയ ആഘോഷ പരിപാടികളെല്ലാം പൂരോല്‍സവത്തിന്റെ ഭാഗമായി മുടക്കം വരാതെ നടത്തുന്ന ചടങ്ങുകളാണ്. കാമം അഥവാ സ്നേഹം ഇല്ലെങ്കില്‍‘ഭൂമിയില്‍ ജീവന്റെ ഉള്‍ത്തുടിപ്പില്ലെന്ന പ്രപഞ്ചസത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഉത്തര മലബാറിലെ പൂരാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: