കൊല്ലൂര്‍: അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ സാഫല്യനിറവില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്ര ശ്രീകോവിലില്‍ നിന്നും മുഖ്യ പൂജാരി ശങ്കര അഡിഗ പകര്‍ന്നു നല്കിയ ഭദ്രദീപം ശ്രീരാമദാസാ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശ്രീരാമനവമി രഥത്തില്‍ പ്രതിഷ്ഠിച്ചു. മൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ഹരേ രാമ ഹരേ കൃഷ്ണ മന്ത്രധ്വനികളാല് ഇക്കൊലത്തെ ശ്രീരാമനവമി രഥയാത്ര പരിക്രമണത്തിന് തുടക്കം കുറിച്ചു.
രഥയാത്ര ദക്ഷിണ കര്‍ണാടകത്തിലൂടെ കേരളത്തില്‍ പ്രവേശിച്ച് എല്ലാ ജില്ലകളിലൂടെയും തമിഴ്നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം നടത്തും. ഏപ്രില്‍ 17ന് തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിക്കുന്ന പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ശ്രീ ഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്പ്പണത്തിനു ശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര സമാപിക്കും.
സ്വാമി സത്യാനന്ദ തീര്‍ത്ഥ പാദരും ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്. കിഷോര്‍ കുമാറുമാണ് ശ്രീരാമനവമി രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് ശ്രീരാമന് സമുചിതമായ ക്ഷേത്രം പുനര്‍നിര്‍മിക്കാനും ശ്രീരാമന്റെ പുനഃപ്രതിഷ്ഠ നിര്‍വഹിക്കാനും അക്ഷീണം പരിശ്രമിച്ച സ്വാമി സത്യാനന്ദ സരസ്വതിയുടെ ദീര്ഘവീക്ഷണത്തില് 1920 മുതല്‍ നടന്നുവരുന്ന ശ്രീരാമനവമി ആഘോഷവും അതിനോടനുബന്ധിച്ച് 1991 മുതല്‍ നടത്തുന്ന ശ്രീരാമനവമി രഥയാത്രയും ശ്രീരാമലീലയും സാധാരണജനങ്ങളില്‍ ആധ്യാത്മികതയുടെ നവവാതായനങ്ങള് തുറന്നു.
കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശ്രീരാമനവമി രഥയാത്ര, ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും നഗരങ്ങളെയും ശ്രീരാമമന്ത്രധ്വനികളാല് മുഖരിതമാക്കി കന്യാകുമാരി ദേവിയെ സന്ദര്‍ശിച്ച് സാഗരപൂജയും നടത്തി രാമനവമി തലേന്ന് ശ്രീരാമദാസാശ്രത്തിലെത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമനഗരാദികളെ ആറുരാമായണ കാണ്ഡങ്ങളായി തിരിച്ച് ശ്രീരാമപൂജ, രാമായണ പാരായണം, രാമായണത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍, രാമായണത്തിന്റെ നൃത്തരൂപത്തിലോ നാടകരൂപത്തിലോ രണ്ടും കൂട്ടിക്കലര്‍ത്തിയോ നടത്തിപ്പോന്ന ആറുദിവസത്തെ ദൃശ്യാവിഷ്ക്കരണം എന്നിവ അടങ്ങുന്നതാണ് രാമലീല.
അതിലേക്കായി അഭിനയ സാഹിത്യം പ്രത്യേകം തയ്യാറാക്കുകയും കുട്ടികള്‍ അതു പഠിച്ച് വ്രതാനുഷ്ഠാനങ്ങളോടെ രാമലീല നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി നന്ദിഗ്രാമില്‍ നിന്ന് ശ്രീരാമപാദുകവും ശ്രീലങ്കയില്‍ നിന്ന് സീതാദേവിയുടെ ചൂഡാരത്നവും ഭക്ത്യാഢംബരങ്ങളോടെ കൊണ്ടുവരികയും ചെയ്തു. രാമകഥ സത്യമാണെന്ന വ്യക്തധാരണ ജനമനസ്സുകളില്‍ ഉറപ്പിക്കാനും ശ്രീരാമജന്മഭൂമി യാഥാര്‍ഥ്യമാണെന്ന പരമസത്യം ബോധ്യപ്പെടുത്താനും തുടര്‍ച്ചയായി ആണ്ടുതോറും നടത്തിവരാറുള്ള രാമലീല പ്രയോജനപ്പെട്ടു.
ഇക്കൊലത്തെ ശ്രീരാമനവമി ആഘോഷങ്ങള്‍ രഥയാത്രയോടെ തുടക്കം കുറിച്ചിരിക്കുന്നു. ഏപ്രില്‍ 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളത്തിന് തിരിതെളിയും.
ദക്ഷിണകര്ണ്ണാടകത്തിലൂടെ പരിക്രമണം തുടങ്ങിയ ശ്രീരാമനവമി രഥയാത്ര കാസര്‍കോട് ജില്ലയിലൂടെ പ്രയാണം തുടരുകയാണ്. 24 ന് കണ്ണൂര്‍ ജില്ലയില്‍ പരിക്രമണം തുടങ്ങും.
26 വയനാട്, 27, 28 കോഴിക്കോട്, 29, 30 മലപ്പുറം, 31ന് പാലക്കാട്, ഏപ്രില്‍ ഒന്നിന് പാലക്കാട്തൃശ്ശൂര്‍, 2ന് തൃശ്ശൂര്‍എറണാകുളം, 3ന് എറണാകുളം, 4ന് എറണാകുളംഇടുക്കി, 5ന് ഇടുക്കി, 6ന് ഇടുക്കിപത്തനംതിട്ട, 7ന് പത്തനംതിട്ട, 8ന് പത്തനംതിട്ടകോട്ടയം, 9ന് കോട്ടയം, 10ന് ആലപ്പുഴ, 11ന് കൊല്ലം, 12ന് തിരുവനന്തപുരം, 13ന് തിരുവനന്തപുരംകന്യാകുമാരി, 14ന് കന്യാകുമാരിതിരുവനന്തപുരം, 15ന് തിരുവനന്തപുരം, 16ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ വൈകുന്നേരം 5.30ന് ശ്രീരാമനവമി സമ്മേളനം നടക്കും. സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ആശ്രമസേവാ പുരസ്കാരം സമ്മാനിക്കുന്നതാണ്. ശ്രീരാമനവമി ദിനമായഏപ്രില് 17ന് തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിക്കുന്ന പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ശ്രീ ഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്പ്പണത്തിനു ശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: