തിരുവനന്തപുരം : നടന് ടൊവിനോ തോമസിനൊപ്പം നില്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയുളള തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഇനി ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ കുമാറിന് നോട്ടീസ് അയച്ചു. ടൊവിനോയുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്തെന്ന എന്‍ഡിഎയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ടശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡറാണ് ടൊവിനോ എന്ന് അറിഞ്ഞപ്പോള്‍ തന്നെ സാമൂഹ്യമാധ്യങ്ങളില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തുവെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചിരുന്നു.
സിനിമാ ലൊക്കേഷനില്‍ കണ്ടപ്പോള്‍ ടൊവീനോ തോമസിനോട് വി എസ് സുനില്‍ കുമാര്‍ സൗഹൃദസംഭാഷണം നടത്തുന്ന ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ചിത്രത്തില്‍ തൃശൂരിന്റെ മിന്നും താരങ്ങളെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി സിപിഐ ചിഹ്നവും വി എസ് സുനില്‍കുമാറിനെ വിജയിപ്പിക്കുക എന്ന വാക്യവും ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി ഉണ്ടായത്. കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതിന് പിന്നാലെ തന്നെ സുനില്‍ കുമാര്‍ ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: