അഴിമതി കേസില്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന കേന്ദ്രനയം വ്യക്തമാക്കുന്നതാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്. താനായിട്ട് ഒരുരൂപപോലും എടുക്കില്ലെന്നും എടുത്തവരാരായാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതാണ്. പത്തുവര്‍ഷമായി നരേന്ദ്രമോദി ഭരണത്തില്‍ അത് അക്ഷരംപ്രതി പാലിച്ചു. കേന്ദ്രഭരണത്തില്‍ ഒരഴിമതിയും ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം അഴിമതിക്കാരെ ഓരോരുത്തരെയായി അഴിക്കുള്ളിലാക്കാനും കഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്.
മദ്യനയ അഴിമതികേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒന്‍പതു തവണയാണ് കേജരിവാളിന് ഇ ഡി നോട്ടീസ് നല്‍കിയത്. കോടതികളില്‍ കയറിയിറങ്ങി ഇ ഡി ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ കേജരിവാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ദല്‍ഹി ഹൈക്കോടതി കൈ ഒഴിഞ്ഞതോടെയാണ് ചോദ്യം ചെയ്യാനും ഒടുവില്‍ അറസ്റ്റുചെയ്യാനും വഴിവച്ചത്. ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിന് ഒരുവര്‍ഷം മുമ്പ് തന്നെ ഇതേ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു. ആംആദ്മിപാര്‍ട്ടിയുടെ ഒരു എംപിയും അറസ്റ്റിലാണ്. എന്നാല്‍ അഴിതിക്കേസില്‍ ഒരു മുഖ്യമന്ത്രി തന്നെ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണ്. അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പാടില്ലെന്ന് നിയമത്തിലെവിടെയും പറയുന്നില്ല. പക്ഷേ സാങ്കേതികമായ നിരവധി പ്രശ്നങ്ങളുണ്ട്. മന്ത്രിസഭായോഗം ചേരാന്‍ കഴിയില്ല. ചീഫ് സെക്രട്ടറിയുമായി നിരന്തരം ബന്ധപ്പെടാനോ ഫയലുകളില്‍ തീര്‍പ്പാക്കാനോ ബുദ്ധിമുട്ട് നേരിടുന്നത് സ്വാഭാവികം.
മുഖ്യമന്ത്രി സ്ഥലത്തില്ലാതായാല്‍ പകരം ആളെ നിശ്ചയിക്കാനോ ചുമതല ഏല്പിക്കാനോ സാധിക്കും. എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പ്രതിപക്ഷം പറയുന്നതുപോലെ രാഷ്ട്രീയ ഇടപെടലാണ് അറസ്റ്റിനു പിന്നിലെന്നത് ശുദ്ധ അസംബന്ധമാണ്. 400 സീറ്റ് കിട്ടാനിടയില്ലെന്ന കണക്കുകൂട്ടലാണ് അറസ്റ്റിന് പിന്നിലെന്ന ആക്ഷേപം ദുരുപദിഷ്ടമാണ്. സീറ്റിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു വെപ്രാളവുമില്ല. കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഒരുഘട്ടത്തിലും ഇടപെടുന്നില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയതാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണമാണ് ഏജന്‍സികള്‍ നടത്തുന്നത്. അവരുടെ കണ്ടെത്തലുകള്‍ ഫലപ്രദവുമാണ്. ഏതാണ്ട് ഒരുലക്ഷം കോടിയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.
കേരളത്തില്‍ കേജരിവാളിന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്തിറങ്ങിയത് കോണ്‍ഗ്രസ് നേതാക്കളാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറയുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അറസ്റ്റെന്നാണ്. കേജരിവാളിനെ അറസ്റ്റുചെയ്താല്‍ അതെങ്ങനെ തെരഞ്ഞെടുപ്പിനെതിരാകുമെന്നറിയില്ല. അതേ സമയം കോണ്‍ഗ്രസ് ഫണ്ടിന് ആദായനികുതി ചുമത്താനുള്ള നീക്കത്തെ അപലപിക്കാനും അവര്‍ തയ്യാറാകുന്നു. 2014 മുതല്‍ 2017 വരെയുള്ള ഫണ്ടില്‍ പുതിയ നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളിയിരിക്കുകയാണ്. 2018/19 ലെ നികുതി നല്‍കിയില്ലെന്നുകാട്ടി കോണ്‍ഗ്രസിന്റെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായ നികുതി മരവിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിലധികം രൂപയാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021-ലാണ് പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ. സക്സേന ചുമതല ഏറ്റതിന് പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി ചുരുളഴിയുന്നത്. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ-പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചു. 100 കോടി കൈമാറിയത് അറസ്റ്റിലായ കെ. കവിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കെജരിവാളിന്റെ അറസ്റ്റ് കര്‍മഫലമാണെന്നാണ് മുന്‍ രാഷ്ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് മദ്യനയത്തിന്റെ മുഖ്യശില്പി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് സ്വാഭാവികമാണല്ലോ. അഴിമതിക്കാര്‍ രക്ഷപ്പെടാന്‍ പാടില്ല. ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: