തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ ക്യാമ്പസിലെത്തിയ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ വിദ്യാർത്ഥിനികൾ നൂറുകൂട്ടം ചോദ്യങ്ങളുമായി പൊതിഞ്ഞു.
സ്ഥാനാർത്ഥി ഒരു ടെക്കി കൂടിയാണെന്നറിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് ആവേശമായി. നിർമിത ബുദ്ധി സാങ്കേതിക വിദ്യ, ഡിജിറ്റൽ പ്രവൈസി തുടങ്ങി വിവിധ നൂതന വിഷയങ്ങളിൽ വിദ്യാർത്ഥികൾ സംശയനിവാരണം നടത്തി. തന്റെ ഇഷ്ടവിഷയങ്ങളിൽ പുതുതലമുറ വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള അവസരം ലഭിച്ച സ്ഥാനാർത്ഥിക്കും ഇത് ആവേശകരമായ അനുഭവമായി.
എഐയുടെ ഭാവി, സ്വകാര്യതാ ദുരുപയോഗം, അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിലെ ആശങ്കയും വിദ്യാർത്ഥികൾ മന്ത്രിയുമായി പങ്കുവച്ചു. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് 10 അടൽ ടിങ്കറിങ് ലാബുകൾ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. താൻ ജയിച്ചാൽ തിരുവനന്തപുരത്തെ ഒരു ശാസ്ത്ര, സാങ്കേതികവിദ്യാ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനകം എല്ലാ സ്കൂളുകളിലും നൈപുണ്യ വികസന കേന്ദ്രം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ബി.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ജയമോഹൻ, ഇലക്ട്രോണികസ് വിഭാഗം മേധാവി ഡോ. സുമ ശേഖർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: