ആദിമകാലം മുതല്‍ മനുഷ്യന് അവന്റെ സുഖസൗകര്യം കണക്കിലെടുത്തു ഗുഹകളിലായിരുന്നാലും വൃക്ഷങ്ങളിലായിരുന്നാലും ചെറിയ കുടിലുകള്‍ കെട്ടി താമസിച്ചിരുന്നു. ആ കാലം മുതല്‍ തന്നെ കണ്മുമ്പില് കാണുന്ന സൂര്യനെ ആരാധിക്കുകയും കിഴക്കു ദര്‍ശനമായി വരത്തക്കവിധം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. കാലങ്ങള്‍ മാറി. മനുഷ്യന് സുഖസൗകര്യങ്ങള്‍ തേടി പലതും കണ്ടെത്തി.
എന്നാല്‍ അടിസ്ഥാനപരമായ പ്രകൃതിയുടെ തത്ത്വങ്ങള്‍ ഇന്ന് ആര്‍ക്കുംതന്നെ മാറ്റാന്‍ സാധിച്ചിട്ടില്ല. വാസ്തുശാസ്ത്രമായാലും ജ്യോതിഷാദി പ്രവചനശാസ്ത്രങ്ങള്‍ ആയാലും വേദവേദാംഗശാസ്ത്രമായി ആചാര്യന്മാര് അംഗീകരിച്ചവയാണ്. ഇതില്‍ നിന്നും ഈ ശാസ്ത്രം ചരിത്രാതീതകാലം മുതല്‍ തന്നെ പ്രകൃതിയുമായി ഇഴുകിച്ചേര്ന്നിരിക്കുന്നതായി കാണാന്‍ കഴിയും. സിന്ധുനദീതടസംസ്ക്കാരം മുതല്‍ത്തന്നെ വാസ്തുശാസ്ത്രം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ജൈനബുദ്ധമതകാലം മുതല്‍ വാസ്തുശാസ്ത്രം അംഗീകരിച്ചു ഭവനങ്ങള്‍ നിര്‍മിച്ചിരുന്നു.
- വീടുവയ്ക്കുവാന്‍ അനുയോജ്യമായ ഭൂമി എങ്ങനെയുള്ളതായിരിക്കണം?
അല്‍പ്പമെങ്കിലും കിഴക്കും വടക്കും താഴ്ന്ന ഭൂമിയാണ് ഏറ്റവും നല്ലത്. ജലലഭ്യതയുള്ള ഭൂമിയായിരിക്കണം. എല്ലാ സസ്യജാലങ്ങളും വളരുന്നതിനുള്ള സാഹചര്യമുള്ള ഭൂമിയായിരിക്കണം. വീടുവയ്ക്കുന്ന സ്ഥലത്തേക്കു വരുന്നതിനുള്ള യാത്രാസൗകര്യം പ്രത്യേകം കണക്കിലെടുക്കണം. വീടു പണിയുന്ന സ്ഥലം ഒന്നുകില്‍ സമചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരം ആയിരിക്കണം.
- വീടുപണി തുടങ്ങുന്നതിനു മുമ്പായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
വീടുവയ്ക്കുവാന്‍ ഭൂമി കണ്ടെത്തിയാല്‍ ആ സ്ഥലം വെട്ടിനിരപ്പാക്കി ആവശ്യമില്ലാത്ത മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടസാമഗ്രികള്‍ ഇറക്കുന്നതിനുവേണ്ടി ഒരു ഭാഗം ഒഴിവാക്കി മറ്റ് മൂന്നു ഭാഗവും മതില് കെട്ടണം. ഇങ്ങനെ ചെയ്താല്‍ അവിടെ പണിയുന്ന ഗൃഹം പെട്ടെന്ന് പൂര്‍ത്തിയാകും. കൂടാതെ പ്രകൃതിയുടെ അദ്യശ്യമായ ചില ദുഷ്ട ശക്തികളുടെ കടന്നുകയറ്റം ഒഴിവാക്കാനും ഈ മതില് കൊണ്ട് സാധിക്കും.
അടുത്തതായി കിണറിന് സ്ഥാനം കാണണം. വടക്കുകിഴക്ക് ഭാഗം മീനം രാശിയില്‍ കിണര്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ ഭൂമിക്ക് അനുസൃതമായി ഒരു പ്ലാന്‍ തയാറാക്കുക. അതില്‍ കിഴക്കുഭാഗവും വടക്കുഭാഗവും കൂടുതല്‍ സ്ഥലം വരത്തക്കവിധം ക്രമീകരിക്കുക. തെക്കുപടിഞ്ഞാറുഭാഗം ഭൂമി അല്‍പ്പമെങ്കിലും ഉയര്‍ന്നിരിക്കുന്നതു നല്ലതാണ്. വീടിന്റെ ദര്‍ശനം ഗൃഹനായികയുടെ ജന്മനക്ഷത്രം പരിശോധിച്ച് ഏതു ദിക്കാണ് ഭാഗ്യദിക്ക് എന്നു കണ്ടെത്തി കൊടുക്കുന്നത് നല്ലത്. നല്ല ഒരു ദിവസം നോക്കി തെക്കുപടിഞ്ഞാറ് (കന്നിമൂല) ഭാഗത്തു തറക്കല്ലിടണം.
- വീടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപം വലിയൊരു വൃക്ഷം നിന്നാല്‍ അവ എങ്ങനെ പരിപാലിക്കണം?
പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. ആയതിനാല്‍ കഴിയുമെങ്കില്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്വൃക്ഷങ്ങള് വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനം കൂടിയാണു നശിപ്പിക്കുന്നത്.
- അടുക്കളയുടെ സ്ഥാനങ്ങള്‍ എവിടെയാണ്?
ഒന്നാം സ്ഥാനം തെക്കുകിഴക്കായ അഗ്നികോണാണ്. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറായ വായുകോണാണ്. മൂന്നാം സ്ഥാനം വടക്കുകിഴക്കായ ഈശാനകോണാണ്. ഈ മൂന്നു ദിക്കിലും അടുക്കള വന്നാല്‍ ഉത്തമമാണ്.
- പൂജാമുറിയുടെ സ്ഥാനങ്ങള്‍?
പ്രത്യേകിച്ച് ഇരുനിലവീടിനു രണ്ടാമത്തെ നിലയില്‍ പൂജാമുറി കൊടുക്കുന്നതില്‍ തെറ്റുണ്ടോ?
വീടിന്റെ വടക്കുകിഴക്കു ഭാഗത്ത് (ഈശാനകോണ്) പൂജാ മുറി സ്ഥാപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇരുനില വീടായാല്‍ തീര്‍ച്ചയായും ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ത്തന്നെ പൂജാമുറി ക്രമീകരിക്കണം. പൂജാമുറി ഇല്ലാത്ത വീടാണെങ്കില്‍ ആ വീടിന് അനുയോജ്യമായ സ്ഥലത്ത് ഗൃഹനായികയുടെ കണ്ഠത്തിനു താഴെ വരത്തക്കവിധത്തില്‍ സ്റ്റാന്‍ഡ് സ്ഥാപിച്ചു പടം വച്ച് വിളക്കു കത്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബാത്ത് റൂം ചുമരിലും സ്റ്റെയര്‍കെയ്സിന്റെ അടിഭാഗത്തും വിളക്ക് സ്ഥാപിച്ച് ഉപയോഗിക്കുന്നത് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: