രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ റോക്കറ്റ് വിക്ഷേപണം ഉടനില്ലെന്ന് ഇന്നലെയാണ് അധികൃതർ അറിയിച്ചത്. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വെറും രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിക്ഷേപണ ദൗത്യമായിരുന്നു ഇത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയാണെന്ന് അഗ്നികുൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
എന്ത് കാരണത്തെ തുടർന്നാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നത് എന്നതിൽ വ്യക്തതയില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിലുടനീളം കൗണ്ട്ഡൗൺ റിഹേഴ്സലുകൾ നടന്നിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും അതീവ ജാഗ്രതയോടെയാണ് അഗ്നികുൽ മുന്നോട്ട് നീങ്ങുന്നത്. വിക്ഷേപണം എന്നാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് എക്സിലൂടെ സ്റ്റാർട്ട്അപ്പ് കമ്പനി വ്യക്തമാക്കി.
അഗ്നികുൽ കോസ്മോസിനെക്കുറിച്ച് കൂടുതൽ അറിയാം…
പൂർണമായും തദ്ദേശിയമായാണ് റോക്കറ്റിന്റെ നിർമ്മാണം. കൂടാതെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. ലോകത്തിലെ തന്നെ ആദ്യ സിംഗിൾ പീസ് ത്രിഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ച സബ്-കൂൾഡ് ലിക്വിഡ് ഓക്സിജൻ അടിസ്ഥാനമാക്കിയാണ് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ രൂപകൽപ്പന.
നാളെ വിക്ഷേപണം നടന്നിരുന്നുവെങ്കിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യത്തെ രണ്ടാം ബഹിരാകാശ സ്റ്റാർട്ട്അപ്പ് ആകുമായിരുന്നു അഗ്നികുൽ കോസ്മോസ്. 6.2 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. രാജ്യത്ത് നിന്നുള്ള ആദ്യ എഥർനെറ്റ് അധിഷ്ഠിത ഏവിയോമിക് ആർകിടെക്ചറും തദ്ദേശിയമായി രൂപകൽപ്പന ചെയ്ത ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: