ന്യൂദൽഹി: ബിഹാറിൽ നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന പൊളിറ്റ് ബ്യൂറോ അംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിയായ വിനോദ് മിശ്ര എന്ന ബിനോദ് മിശ്രയെയാണ് ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ദിവസങ്ങളോളം ഇയാളെ അന്വേഷണ സംഘം പിന്തുടരുകയായിരുന്നു.
ബിഹാറിലെ മഗധ് സോണിൽ നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയിൽ ഇയാൾ പ്രധാന കണ്ണിയായിരുന്നു. ഇതിനായി ഇയാൾ നിരവധി തവണ ആലോചന യോഗങ്ങളിൽ പങ്കെടുത്തിരുന്നതായി എൻഐഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: