കൊച്ചി: നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം – കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. പിന്നാലെ സുരേഷ് ഗോപി തന്റെ കോലായില്‍ കയറരുതെന്ന് ഗോപി ആശാന് പറഞ്ഞു എന്ന രീതിയിൽ ഇടത് സൈബര്‍ ഇടങ്ങളിലെല്ലാം പരക്കുകയും ചെയ്തു.
തനിക്ക് വേണ്ടി ആരെയെങ്കിലും വിളിക്കാന്‍ താന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല എന്ന് സുരേഷ് ഗോപിയും വ്യക്തമാക്കിയെങ്കിലും വിളിച്ച ആളിന്റെ പേരുപോലും പറയാതെ സുരേഷ് ഗോപിയെ അധിക്ഷേപിക്കാന്‍ ഗോപിയാശാന്റെ മകന് കാണിച്ച അമിതാവേശം സംശയം ജനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ വീട്ടിലേക്ക് ഗോപിയാശാൻ ക്ഷണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: