കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൊല നടത്തിയ സമയത്ത് പ്രതി മുജീബ് റഹ്മാന് ധരിച്ച വസ്ത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കൊലപാതകം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ധരിച്ചിരുന്ന പാന്റസ്് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അനുവിനെ കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് മൃതദേഹം കണ്ടത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അര്‍ധ നഗ്നമായ നിലയിലാണ് മൃതദേഹം. അനു ബൈക്കില്‍ കയറി പോകുന്നത് കണ്ടെന്ന് ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഈ സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാന് പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാള്‍ കൊടും ക്രിമിനലാണെന്നത് മനസിലായത്.
ആളൊഴിഞ്ഞ നാട്ടുവഴിയിലൂടെ അടുത്ത ജംഗ്ഷനില്‍ നില്ക്കുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് വേഗത്തില്‍ നടക്കുകയായിരുന്ന അനുവിനെ കൊണ്ടാക്കാമെന്ന് പറഞ്ഞ് മുജീബ് റഹ്മാന് ബൈക്കില്‍ കയറ്റിയ ശേഷം ഇല്പ ദൂരം കഴിഞ്ഞ് ബൈക്ക് നിര്‍ത്തി തോട്ടില്‍ തളളിയിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. അനുവിന്റെ ആഭരണവും കവര്‍ന്ന് മുങ്ങി.
മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണം കവരുകയുമായിരുന്നു മുജീബ് റഹ്മാന്റെ രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്.
വയനാട്ടിലും കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെയും നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: