കൊച്ചി: സമുദ്രമത്സ്യ ഗവേഷണത്തില്‍ പൊതുജനങ്ങളെ സഹകരിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടല്‍ മത്സ്യയിനങ്ങളുടെ സമ്പൂര്‍ണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തില്‍ വികസിപ്പിക്കുന്നതിനാണ് ‘മാര്‍ലിന്‍@സിഎംഎഫ്ആര്‍ഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഭാരതത്തിന്റെ വിവിധ തീരങ്ങളില്‍ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവര ശേഖരണത്തിനും സിഎംഎഫ്ആര്‍ഐയെ സഹായിക്കും. കടല്‍ മത്സ്യസമ്പത്തിന്റെ സചിത്ര ഡേറ്റാബേസ് തയ്യാറാക്കാനും വഴിയൊരുക്കും.
ഭാവിയില്‍ എഐ സഹായത്തോടെ, മൊബൈലില്‍ മീനിന്റെ ദൃശ്യം അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ സമ്പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. ജിയോടാഗിങ് ഉള്ളതിനാല്‍ വിവരം കൈമാറുന്ന മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും. ഇത് മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കും.
സമുദ്രസമ്പത്തിന്റെ സംരക്ഷണത്തില്‍ താല്പര്യമുള്ളവരെ കോര്‍ത്തിണക്കുന്ന പരസ്പര സഹകരണ സംരംഭമാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് പൊതുജനങ്ങളെ കൂടി സമുദ്രഗവേഷണത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. കടല്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും
സമുദ്രജൈവ വൈവിധ്യത്തെ കൂടുതല്‍ അടുത്തറിയാനും പൊതുജനങ്ങള്‍ക്ക് ഈ മൊബൈല്‍ ആപ്പ് ഉപകാരപ്പെടും.
സിഎംഎഫ്ആര്‍ഐയുടെ ഫിഷറി റിസോഴ്സ് അസസ്മെന്റ്, എക്കണോമിക്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിലെ ഡോ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രോജക്ടിന് കീഴിലാണ് ആപ്പ് വികസിപ്പിച്ചത്. ലാന്‍ഡിങ് സെന്ററുകളില്‍ നിന്ന് പകര്‍ത്തിയ മീനുകളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റബേസ്, കടല്‍മീനുകളുടെ ഓരോ ഹാര്‍ബറുകളിലെയും ലഭ്യത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മനസിലാക്കാന്‍ ഭാവിയില്‍ സഹായകരമാകുമെന്ന് ഡോ. എല്‍ദോ വര്‍ഗീസ് പറഞ്ഞു. നിര്‍മിതബുദ്ധി അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: