ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി ബിജെപിയും എന്‍ഡിഎയും പൂര്‍ണ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു എക്സിലെ പ്രധാനമന്ത്രിയുടെ പ്രതികരണം.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം ഇതാ! 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. ബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പിന് പൂര്‍ണസജ്ജമാണ്. മികച്ച ഭരണത്തിന്റെയും വിവിധ മേഖലകളിലുടെ നീളമുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡിന്റെയും അടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് പോകുന്നത്, പ്രധാനമന്ത്രി കുറിച്ചു.
ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എഴുപത് വര്‍ഷം ഭരിച്ചവര്‍ സൃഷ്ടിച്ച വിടവുകള്‍ നികത്തുന്നതായിരുന്നു കഴിഞ്ഞ ദശകം. ഭാരതത്തിന് അഭിവൃദ്ധി നേടാനും സ്വാശ്രയമാകാനും കഴിയുമെന്ന ആത്മവിശ്വാസം പകരുന്നതായിരുന്നു അത്. മൂന്നാം ടേമില്‍ ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ഇതിലും വേഗത്തില്‍ മുന്നോട്ടുപോകും.
ഭാരതത്തെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനും യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന് സമൃദ്ധിയും സര്വതോന്മുഖമായ വളര്‍ച്ചയും കൈവരുന്നതിനൊപ്പം ആഗോള നേതൃത്വത്തിലെത്തിക്കുന്നതിനുമുള്ള മാര്‍ഗരേഖ സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ ദൃഢനിശ്ചയമാണ് വരുന്ന അഞ്ച് വര്‍ഷം.
പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ അനുഗ്രഹമാണ് വലിയ ശക്തി നല്‍കുന്നത്. അവരുടെ ശക്തമായ പിന്തുണ വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കും, മോദി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: