തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനന് എന്ന പൊതുബോധം ജീവനക്കാര്‍ക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാര്‍ പറയുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്നും വിശദീകരിച്ചാണ് കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് ഒന്‍പതു പേജുകളുള്ള കത്ത് ജീവനക്കാര്‍ക്കായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ് അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. അതേസമയം കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
മുതിര്‍ന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാന്‍ വിഷമത അനുഭവിക്കുന്നത് കണ്ടാല്‍ അവരെ കൈപിടിച്ച് ബസില്‍ കയറാന്‍ സഹായിക്കണം. നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നതെന്ന് കരുതണം.
ഒരേ റൂട്ടിലേക്ക് ഒന്നിന്നു പിറകേ ഒന്നായി വരിവരിയായി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം പ്രവണത കണ്ടാല്‍ ജീവനക്കാര്‍ തന്നെ അധികൃതരെ അറിയിക്കണം.
ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്നും നിര്‍ദേശിക്കുന്നു.
അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി സാമ്പത്തികച്ചോര്‍ച്ച തടഞ്ഞാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാനാവുമെന്നും ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നൂതനമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരും. ചെറിയ ബസുകളടക്കം വാങ്ങിക്കാനുള്ള നടപടികള്‍ തുടങ്ങി. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി കാന്റീന് തുടങ്ങുമെന്നും മന്ത്രി കത്തില്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: