തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കിയ 1 കോടി 32 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
അബുദാബിയിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം രണ്ട് കിലോയോളം തൂക്കം വരുന്ന കുഴമ്പ് രൂപത്തിലുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് മറ്റ് വസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം നാല് ക്യാപ്സൂളുകളിൽ നിറച്ച് കടത്താൻ ശ്രമിച്ച 69.39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. ഒന്നേമുക്കാൽ കിലോ തൂക്കമുണ്ടായിരുന്ന ക്യാപ്സൂളുകളാണ് ശരീരത്തിനുള്ളിൽനിന്ന് കണ്ടെടുത്തത്.
ഇതിൽനിന്ന് 1.08 കിലോ തൂക്കമുള്ള സ്വർണം വേർതിരിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മൂന്ന് ക്യാപ്സൂളുകളിൽ നിന്നുമായി കുഴമ്പുരൂപത്തിലുള്ള 1059.58 ഗ്രാം തൂക്കംവരുന്ന സ്വർണം കണ്ടെടുത്തിരുന്നു.ഇത്
വേർതിരിച്ചെടുത്തപ്പോൾ 63 ലക്ഷം രൂപ വിലവരുന്ന 983.43 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചുവെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: