മാഞ്ചെസ്റ്റര്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. സെമിയിലേക്ക് കുതിക്കാനായി വമ്പന്‍മാര്‍ ഇറങ്ങുന്ന മത്സരത്തില്‍ ഏറ്റവു പ്രധാനം രാത്രി 9ന് നടക്കുന്ന ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരമാണ്.
കളിമികവിലും ഫോമിലും ലിവര്‍പൂള്‍ ആണ് യുണൈറ്റഡിനെക്കാള്‍ മുന്നില്‍. ഇരുവരും സമീപഭാവിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലിവറിനെ ഗോള്‍രഹിത സമനിലയില്‍ തളയ്‌ക്കാന്‍ എറിക് ടെന്‍ ഹാഗിന്റെ യുണൈറ്റഡിന് സാധിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17ന് പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഇരുടീമുകളും തമ്മിലുള്ള ആദ്യഏറ്റുമുട്ടലായിരുന്നു അത്. ലിവറിന്റെ തട്ടകമായ ആന്‍ഫീല്‍ഡിലായിരുന്നു യര്‍ഗന്‍ ക്ലോപ്പിന്റെ കരുത്തന്‍ പടയെ യുണൈറ്റഡ് പിടിച്ചുകെട്ടിയത്. ആ നിലയെല്ലാം കടന്ന് ഏറെ കഴിഞ്ഞിരിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ലിവര്‍ രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞ കാഴ്‌ച്ചയാണ് അടുത്ത ദിവസങ്ങളിലായി കണ്ടത്. ആഴ്‌ച്ചകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ലിവര്‍ രണ്ടാമതായിമാറിയത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ആഴ്‌സണല്‍ ആണ് നിലവില്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.
ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ഒന്നിനൊന്ന് മെച്ചം എന്ന നിലിയില്‍ ഏത് ടൂര്‍ണമെന്റിലും വമ്പന്‍ പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്നതില്‍ മുന്നിലാണ്. ഇവര്‍ക്കിടയില്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ പഴയ വീര്യത്തിന്റെ കരുത്ത് ഇടയ്‌ക്കെല്ലാം പുറത്തെടുക്കുമെങ്കിലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളായി ടെന്‍ ഹാഗ് മികച്ച രീതിയില്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍ നിന്നും വരുന്നില്ല. പൊച്ചെട്ടീനോ പരിശീലിപ്പിക്കുന്ന ചെല്‍സിയുടെ സ്ഥിതിയും അതുതന്നെ. കരബാവോ കപ്പ് ഫൈനല്‍ വരെ എത്തിയ ചെല്‍സി ലിവറിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. സീസണില്‍ ലിവര്‍ സ്വന്തമാക്കിയ ആദ്യ കിരീടം ആയിരുന്നു അത്. സീസണ്‍ അവസാനത്തോടെ ടീം വിടാന്‍ നില്‍ക്കുന്ന ക്ലോപ്പ് ഇക്കുറി നാല് കിരീടങ്ങളുമായി മടങ്ങാനാണ് ലക്ഷ്യമിടുന്നത്. അതില്‍ ഒന്ന് നേടിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗ് ടൈറ്റില്‍, യൂറോപ്പ ലീഗ്, എഫ്എ കപ്പ് എന്നിവയാണ് മറ്റ് കിരീടങ്ങള്‍. ഇവയ്‌ക്കായുള്ള അശാന്ത പരിശ്രമത്തിലാണ് ക്ലോപ്പും സംഘവും. ആ വഴി തടസ്സപ്പെടുത്താനുള്ള ടെന്‍ ഹാഗിന്റെ പദ്ധതിയാണ് ഇന്ന് രാത്രി ഓള്‍ഡ് ട്രാഫഡ് മൈതാനത്ത് ക്വാര്‍ട്ടര്‍ പോരാട്ടമായി നടക്കുക. ആര് വാഴും, ആര് വീഴും കണ്ടറിയാം.
ഇന്ന് വൈകീട്ട് 6.15ന് നടക്കുന്ന മറ്റൊരു എഫ് എ കപ്പ് ക്വാര്‍ട്ടര്‍ പോരില്‍ ചെല്‍സി ലിസെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളി ന്യൂകാസിലിനെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: