കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പേസ് ബൗളിങ് പരിശീലകനായി മുന്‍ പാകിസ്ഥാന് താരം അക്വിബ് ജാവേദിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് സംഘടന(എസ്എല്‍സി) ഇന്നലെയാണ് ഇക്കാര്യം അതിവേഗ തീരുമാനമായി പ്രഖ്യാപിച്ചത്.
ജൂണില്‍ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കഴിയും വരെ ജാവേദ് ലങ്കന്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരിക്കുമെന്ന് എസ്എല്‍സി ഇന്നലെ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
1992 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ പാകിസ്ഥാന് ടീമില്‍ അംഗമായിരുന്ന അക്വിബ് ജാവേദ് ആന്താരാഷ്ട്ര ക്രിക്കറ്റില്‍ 163 ഏകദിനങ്ങളിലും 22 ടെസ്റ്റുകളിലും പാകിസ്ഥാന് കുപ്പായമിട്ടിട്ടുണ്ട്. 51കാരനായ ഈ മുന്‍താരം പാകിസ്ഥാന്റെയും യുഎഇയുടെയും ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന് ടീമില്‍ ഉപദേഷ്ടാവും ആയിരുന്നു. ജാവേദ് യുഎഇ ടീമിനൊപ്പമുള്ള കാലത്താണ് അവര്‍ 2014 ട്വന്റി20 ലോകകപ്പിലും 2015 ഏകദിന ലോകകപ്പിലും യോഗ്യത നേടിയത്. 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാന് ജേതാക്കളാകുമ്പോള്‍ അക്വിബ് ജാവേദ് ആയിരുന്നു പ്രധാന പരിശീലകന്. 2009ല്‍ പാകിസ്ഥാന് ടീം ആദ്യമായി ട്വന്റി20 ലോകകിരീടം നേടുമ്പോള്‍ ടീമിന്റെ ബൗളിങ് പരിശീലകനും ഇദ്ദേഹമായിരുന്നു. നിലവില്‍ പാകിസ്ഥാന് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ടീം ലാഹോര്‍ ഖലന്ഡഴ്സിന്റെ പരിശീലകനും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും ആയി പ്രവര്‍ത്തിച്ചുവരികയാണ് അക്വിബ് ജാവേദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: