തിരുവനന്തപുരം: പ്രണയം, പ്രണയനൈരാശ്യം, പ്രണയസാഫല്യം…തുടങ്ങി എല്ലാം ഞാന്‍ മനസ്സിലാക്കിയെന്നും പ്രണയത്തെക്കുറിച്ച് എഴുതാന്‍ അത് ധാരാളം മതിയെന്നും ശ്രീകുമാരന്‍തമ്പി. മാര്‍ച്ച് 16 ശനിയാഴ്ച ശതാഭിഷിക്തനായ കവി ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ തന്റെ ചലച്ചിത്രഗാനങ്ങളില്‍ അലിഞ്ഞുകിടക്കുന്ന പ്രണയപൂര്‍ണ്ണതയുടെ കാരണം വിവരിക്കുകയായിരുന്നു.
“പ്രണയാനുഭവങ്ങള്‍ വളരെയധികം സ്വന്തം ജീവിതത്തിലുണ്ട്. പ്രണയം എന്താണെന്ന് മനസ്സിലായി, പ്രണയനൈരാശ്യമെന്തെന്ന് മനസ്സിലായി, പ്രണയസാഫല്യം എന്തെന്ന് മനസ്സിലായി…പ്രണയത്തെക്കുറിച്ച് പാടാന്‍ അത് ധാരാളം മതി.” -ശ്രീകുമാരന്‍തമ്പി പറയുന്നു. “കരിനീലക്കവിളുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്ന് നുള്ളീ.. “- തുടങ്ങിയതുപോലുള്ള ഗാനങ്ങള്‍ സ്വന്തം പ്രണയാനുഭവങ്ങളാണെന്നും ശ്രീകുമാരന്‍ തമ്പി.
“ജീവിതത്തില്‍ എല്ലാക്കാലത്തും പ്രണയമുണ്ടായിരുന്നു. മാവ് പൂക്കുന്നതുപോലെയാണത്…എല്ലാ പുക്കളും മാങ്ങയാവില്ലല്ലോ…ധാരാളം പ്രണയം അനുഭവിച്ചതുകൊണ്ടായിരിക്കാം പ്രണയം എന്ന അനുഭൂതി കവിതയ്ക്ക് വളമായി. എന്റെ ഭാര്യ എന്നെ ഇങ്ങോട്ട് പ്രണയിച്ചവളാണ്. ആദ്യം എന്റെ ആരാധികയായി വന്നു. പിന്നീട് എന്റെ കാമുകിയായി മാറി. പിന്നിട് ഭാര്യയായി. “-ശ്രീകുമാരന്‍തമ്പി പറയുന്നു.
ഒരിയ്ക്കല്‍ പ്രണയമുണ്ടായി പിന്നീട് അവര്‍ പിരിഞ്ഞ് വേറെ ഒരാളുടെ കൂടെ പോയി എന്ന് പറഞ്ഞാലും എനിക്ക് വേദനയില്ല. അതുകൊണ്ടാണ് മംഗളം നേരുന്നൂ ഞാന്‍ തുടങ്ങിയ പാട്ടുകള്‍ എഴുതാന്‍ കഴിയുന്നത്. ‘ഹൃദയം ഒരു ക്ഷേത്രം’ എന്ന സിനിമയിലെ ആ പാട്ട് നോക്കൂ:”മംഗളും നേരുന്നു ഞാന്‍.മനസ്വിനി മംഗളം നേരുന്നു ഞാന്‍ …അലിഞ്ഞുചേര്ന്നതിന് ശേഷമെന്‍ ജീവനെ പിരിഞ്ഞുപോയ് നീയെങ്കിലും എന്നും…”- ഇതെഴുതാന്‍ കഴിയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണ്.
“അവള്‍ക്ക് ജീവിതത്തില്‍ നന്മ വരണം എന്നത് കൊണ്ടാണ് “എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങള് ഏഴ് വര്‍ണ്ണങ്ങളും വിടര്‍ത്തട്ടെ…” എന്ന് എഴുതാന്‍ സാധിക്കുന്നത്. “- ശ്രീകുമാരന്‍ തമ്പി പറയുന്നു.
ഏകാന്തതയാണ് എനിക്കിഷ്ടം; പാട്ടെഴുതുന്നത് രാത്രിയില്‍
“എനിക്ക് സ്വയം ഒരു അച്ചടക്കം ഉണ്ട്. ആ അച്ചടക്കവുമായി സുഹൃത്തുക്കള്‍ ചേര്‍ന്നുപോകില്ലെന്ന് മനസ്സിലായപ്പോഴാണ് സുഹൃത്തുക്കളുടെ എണ്ണം കുറച്ചത്. മദ്യപാനസദസ്സില്‍ നിന്നും മാറിനില്‍ക്കും. ഞാന്‍ സിഗരറ്റ് വലിക്കില്ല, മാംസാഹാരം കഴിക്കില്ല. എന്റെ രീതികള്‍ ഒന്നും സിനിമയുമായി ചേരുന്നതല്ല.” -ശ്രീകുമാരന്‍ തമ്പി.
വയലാര്‍ മദ്യപിച്ചാണ് എഴുതുന്നത് എന്ന് പറയുന്നത് തെറ്റാണ് …
“മദ്യപിച്ചാല്‍ ഒരു വരി എഴുതാന്‍ കഴിയില്ല. വയലാര്‍ മദ്യപിച്ചാണ് എഴുതുന്നത് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. തെറ്റാണത്. വയലാര്‍ മദ്യപിക്കും. പക്ഷെ മദ്യപിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ഉറങ്ങും. കുട്ടിക്കാലത്ത് 11ാം വയസ്സില്‍ കവിത എഴുതി. പക്ഷെ ഞാന്‍ കണക്കിന് നല്ല മാര്‍ക്കുംകിട്ടി. അപ്പോള്‍
തത്വചിന്ത എന്നത് എന്റെ കൂടെ ജനിച്ചതാണ്. കുന്ന്കുഴി എന്നതാണ് ആദ്യത്തെ കവിത. ആ കുന്ന് നികത്തി ആ കുഴി മൂടിക്കൂടെ എന്ന് ആ പ്രായത്തിലെ എഴുതി. അതാണ് ഞാന്‍ പറഞ്ഞത് തത്വചിന്ത എന്റെ രക്തത്തില്‍ ഉണ്ട്.” – അദ്ദേഹം പറയുന്നു.
കവിത നമ്മുടേത് മാത്രമാണ്, ഗാനം നമ്മുടേത് മാത്രമല്ല
നമ്മള് എഴുതുന്ന കവിത നമ്മുടേത് മാത്രമാണ്. എന്നാല്‍ ചലച്ചിത്രഗാനങ്ങള്‍ നമ്മുടേത് മാത്രമല്ല. സിനിമയുടെ സംവിധായകനുണ്ട്. അയാള്‍ പറയും ഈ ഗാനം ഞാന്‍ ഊട്ടിയിലാണ് എടുക്കുന്നത്. അതുപോലെ കഥാസന്ദര്‍ഭം നമ്മുടേതല്ല. അത് കഥ എഴുതിയ ആളിന്റേതാണ്. പാടുന്ന ആള് ആരാണ് എന്നത് അനുസരിച്ച് ഗാനത്തിന്റെ വരികള്‍ പറയുന്നു. “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…എത്ര സന്ധ്യകള്‍ ചാലിച്ച് ചാര്‍ത്തി…”- എന്നെഴുതിയത് ആ സിനിമയില്‍ പാട്ട് പാടുന്ന കഥാപാത്രം ചിത്രകാരന് ആയതിനാണ്. വാസ്തവത്തില്‍ കവിത എഴുതുന്നതിനേക്കാള്‍ വിഷമമാണ് ഗാനം എഴുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: