കോട്ടയം: ബില്‍ഡിംഗ് ഡിസൈനര്‍മാര്‍ക്കിട്ട് നിരന്തരം പണി കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ . ആദ്യകാലത്ത് കടലാസില്‍ വരച്ചതോ കംപ്യൂട്ടര്‍ പ്രിന്റ് എടുത്തതോ ആയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് വീടുകള്‍ക്കും മറ്റും പെര്‍മിറ്റ് എടുക്കുന്ന സംവിധാനമാണ് നിലവിലിരുന്നത്. പിന്നീട് സങ്കേതം എന്ന സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ഒരു പത്തുവര്‍ഷത്തോളം നല്ല നിലയില്‍ സങ്കേതം തുടര്‍ന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഐ.ബി.പി.എം.എസ് എന്ന പുതിയ സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നത്. വീടു ഡിസൈന്‍ ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ അവര്‍ നിലവില്‍ ഉപയോഗിക്കുന്ന ഓട്ടോ കാര്‍ഡിനു പകരം ഇസഡ് ഡബ്ല്യൂ കാര്‍ഡ് എന്ന പ്രോഗ്രാം വിലകൊടുത്തു വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ടായി. സങ്കേതത്തെ അപേക്ഷിച്ച് അതിസങ്കീര്‍ണ്ണമായ ഐ.ബി.പി.എം.എസ് ഒട്ടേറെ ട്രെയിനിംഗ് ക്ലാസുകളില്‍ പങ്കെടുത്തശേഷമാണ് എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും പഠിച്ചെടുത്തത്. സോഫ്റ്റ് വെയറിന്റെ സങ്കീര്‍ണത മൂലം പലരും ഇക്കാലത്ത് ബില്‍ഡിംഗ് ഡിസൈന്‍ രംഗം ഉപേക്ഷിക്കുക പോലുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവഴിയുള്ള അപേക്ഷ പരിശോധിക്കാന്‍ പലവട്ടം ട്രെയിനിംഗ് കൊടുത്തിട്ടും പല ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ വന്നു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കൊടുക്കുന്നത് നിറുത്തിവയ്ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇതോടെ ആ സംവിധാനം തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഈ പരിഷ്കരണം നീണ്ടുനിന്നത്. അതോടെ രാവു പകലാക്കി പുതിയ സംവിധാനം പഠിച്ചെടുത്തവര്‍ മണ്ടന്മാരായി. മുപ്പതിനായിരം രൂപ കൊടുത്തു വാങ്ങിയ സോഫറ്റ് വെയര്‍ അത്യാവശ്യമല്ലാതെയുമായി .
ഇതെല്ലാം കഴിഞ്ഞപ്പോഴാണ് കെ.റെയിലും കെ. അരിയും പോലെ കെ.സ്മാര്‍ട്ട് വന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനവും കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ വഴിയാണെന്ന് സര്‍ക്കാര്‍ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു. ബില്‍ഡിംഗ് പെര്‍മിറ്റും ഇതുവഴിയാക്കി. ഇതിനായി പുതിയ സോഫറ്റ് വെയര്‍ ഇറക്കി. എന്‍ജിനീയര്‍മാരും സൂപ്പര്‍ വൈസര്‍മാരും വീണ്ടും പഠനം തുടങ്ങി.
ജനുവരിയില്‍ മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കിയ കെ. സ്മാര്‍ട്ട് മാസം മൂന്നായിട്ടും ഇപ്പൊഴും വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചായത്തിലും നടപ്പാക്കാനുള്ള നീക്കം നീട്ടിവച്ചു.
പണിയാനുള്ള പെര്‍മിറ്റ് കെട്ടിട ഉടമയ്ക്ക് സ്വയം എടുക്കാം എന്നാണ് കെ. സ്മാര്‍ട്ടിന്റെ ആശയം. നിയമം അണുവിട തെറ്റാതെ പ്ലാന്‍ വരച്ചു കൊടുക്കേണ്ടത് എന്‍ജിനീയറോ സൂപ്പര്‍വൈസറോ ആണ് . കെട്ടിട ഉടമ നല്കുന്ന എല്ലാ വിവരങ്ങളും വെരിഫൈ ചെയ്യേണ്ടതും അവരാണ്്. എന്നാല്‍ ഒരിടത്തു പോലും അവരുടെ ഒപ്പോ സീലോ വേണ്ട. തദ്ദേശസ്ഥാപന അധികൃതര്‍ക്ക് ഇതില്‍ ഒരു കാഴ്ചക്കാരന്റെ റോളേ ഉള്ളൂ. വന്‍ തുക ഫീസ് വാങ്ങി സുഖമായി ഓഫീസിലിരിക്കാം. പിഴവെല്ലാം ഡിസൈനറുടേയോ കെട്ടിട ഉടമയുടേതോ മാത്രം. പിഴവു കണ്ടെത്തിയാല്‍ എന്‍ജിനീയറുടെ ലൈസന്‍സ് റദ്ദാക്കും.
ഇതിനിടെ എന്‍ജിനീയര്‍മാര്‍ക്കിട്ട് മറ്റൊരു പണി കൂടി സര്‍ക്കാര്‍ കൊടുത്തു . പത്തും പതിനായിരവും കൊടുത്ത് നിശ്ചിത ഇടവേളകളില്‍ ലൈസന്‍സ് പുതുക്കിപ്പോന്ന ഇവര്‍ക്ക് മറ്റൊരു പതിനായിരം രൂപ കൂടി കൊടുത്താലേ പെര്‍മിറ്റിന് അപേക്ഷിക്കാനാവൂ എന്ന നിയമം വന്നു. അതായത് നിലവിലുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിനു പുറമെ എം പാനല്‍ ലൈസന്‍സ് കൂടി എടുക്കണം . അതിനാണ് പതിനായിരം രൂപ ഫീസ്. അടുത്തിടെ മറ്റൊരു ആലോചന കൂടി നടക്കുന്നുണ്ട്. ഈ രണ്ടു ലൈസന്‍സും ഒന്നാക്കിയാലോ? അതിനു കൂടി ഒരു പതിനായിരം വാങ്ങാമെന്ന് ഏതോ തലതിരിഞ്ഞ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയെ ഉപദേശിച്ചു കാണണം!
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: