ഈ ഭൂമി നമുക്ക് പൂര്‍വികരില്‍ നിന്നും ദാനമായി കിട്ടിയതല്ല. മറിച്ച് വരുംതലമുറയില്‍ നിന്ന് നാം കടമായി എടുത്തതാണ്. യാതൊരുവിധ പോറലുമേല്‍ക്കാതെ നമുക്ക് തിരിച്ചുനല്കേണ്ടതുണ്ടെന്ന് പറയാറുണ്ട്. ഭൂമിയെയും പ്രപഞ്ചത്തെയും ആദരവിലലിഞ്ഞ ആര്‍ദ്രതയോടെ നോക്കിക്കാണേണ്ടതുണ്ടെന്ന് സാരം. സര്‍വചരാചരങ്ങളിലും ഈശ്വരാംശം ദര്‍ശിക്കുന്ന, സര്‍വതിനെയും ആദരിക്കുന്ന ഒരു സംസ്കൃതിയാണ് നമുക്കുള്ളത്.
എല്ലാം അറിയുന്നവരാണ് നമ്മള്. എന്നാല്‍ നമ്മളറിഞ്ഞത് പ്രയോഗത്തിലും അനുഭവത്തിലുമാകുന്നുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍, അഥവാ ‘ആത്മപരിശോധന’ നടത്തുമ്പോല്‍ ഫലം നിഷ്ഫലമാകുന്നു. തണലത്തിരിക്കുവാന്‍ നമുക്കിഷ്ടമാണെങ്കിലും വൃക്ഷത്തൈ നടുന്നതില്‍ ഇഷ്ടമുണ്ടോ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടുമോ, കൊടുക്കുവാന്‍ കഴിയുമോ? ഭക്ഷ്യക്ഷാമം, ജലക്ഷാമം, വര്‍ധിച്ച താപനം, എല്ലാം നമുക്കറിയാവുന്ന, ഓരോ മനസ്സിനും അറിയാവുന്ന വെല്ലുവിളികളാണ് ഇതൊക്കെ ലോകതലത്തില്‍ ഗൗരവമേറിയ ചിന്തയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ ആഗോളതാപനത്തെപ്പറ്റി സമഗ്രമായ പഠനം നടത്തി, തയ്യാറാക്കിയാണ് ‘ആഗോളതാപനവും തീവ്രകാലാവസ്ഥാ മാറ്റങ്ങളും’ എന്ന ഗ്രന്ഥം. എന്‍. രാജശേഖരനാണ് ഗ്രന്ഥകര്‍ത്താവ്. മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങളും ലേഖനങ്ങളും വായിച്ച വലിയ അനുഭവത്തിന്റെ അതിലേറെ വലിയ തിരിച്ചറിവിന്റെ ബാക്കിപത്രമാണ് ഈ ഗ്രന്ഥം. വായനയുടെ പരിധിയില്‍ വരേണ്ടത് എന്നതിനപ്പുറം പ്രപഞ്ചത്തോട്, ഭൂമിയോട് നമുക്ക് നിര്‍വഹിക്കുവാന്‍ മഹദ്ദൗത്യമുണ്ടെന്ന് ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ച് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്. വിവിധ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം സിബിഐ സ്പെഷ്യല്‍ കോടതി ശിരസ്തദാരായി വിരമിച്ച രാജശേഖരന് നിരവധി ഗ്രന്ഥങ്ങളുടെ ഉടമകൂടിയാണ്.
ആഗോളതാപനത്തിന്റെ തുടര്‍ന്നുള്ള അതിതീവ്ര കാലാവസ്ഥ മാറ്റങ്ങളുടെയും മറ്റും ഫലമായി തികച്ചും ഭയാനകമായ ദുരന്തങ്ങള്‍ ലോകം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണ്, വായു, സമുദ്രം, പുഴകള്‍ എന്നിവ മലിനമാക്കിയും, നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍, കായലുകള്‍ എന്നിവ നിര്‍ദയം നികത്തിയും, കുന്നുകളും മലകളും ഇടിച്ചുനിരത്തിയും, മരങ്ങള്‍ വെട്ടി നശിപ്പിച്ചും പ്രകൃതിയുടെ മേല്‍ നടത്തിയ എണ്ണമറ്റ ഇടപെടലുകള്‍ സമസ്ത ജീവജാലങ്ങളുടെയും സര്വനാശത്തിലെത്തിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിശദമായി ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നു.
നമുക്ക് അറിയാന്‍ കഴിയുന്നിടത്തോളം ഈ പ്രപഞ്ചത്തില്‍ ജീവന് അനുകൂലമായ ചുറ്റുപാടുകളുള്ള ഒരേ ഒരു ഗ്രഹം ഭൂമി മാത്രമാണ്. ഈ ഒരേ ഒരു ഭൂമി ഇനി എത്ര നാള് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അഭയകേന്ദ്രമായി നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയാതെയായിരിക്കുന്നു. ആഗോളതാപനവും അതിനെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനവും അത്ര വലിയ സംഭ്രമജനകവും ഭയാനകവുമായ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യത്താല്‍ ഭൂമിയിലെ ചൂട് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഈ ഒരു അവസ്ഥയ്ക്ക് യാതൊരു പ്രതിവിധിയും ചെയ്യുന്നില്ലായെങ്കില്‍ 2100 വര്‍ഷമാകുമ്പോഴേക്ക് താപനില 3.5-4.5 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ധിക്കും. ഇതിന്റെ അനന്തരഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. 27രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ സമുദ്രത്തിനടിയിലാകും. സമുദ്രനിരപ്പ് 82 സെന്റിമീറ്ററായി ഉയരും. ഭൂരിപക്ഷം ജീവജാലങ്ങളും അതിജീവിക്കാനാവാതെ നശിക്കും എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഗൗരവം ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു.
പ്രകൃതിയെപ്പറ്റിയുള്ള ഒരു പുസ്തകമാണിത്. മനുഷ്യരാശിയുടെ ഭാഗധേയം നിര്‍ണയിക്കുന്ന പ്രകൃതി ഇന്നൊരു പ്രതിഭാസമാണ്. ഏതു കാലഘട്ടത്തിലും അജ്ഞേയമായ രഹസ്യങ്ങള്കൊണ്ട് നിറഞ്ഞതാണ് പ്രകൃതി. എന്നാല്‍ അടുത്തകാലത്തായി പ്രകൃതിയെക്കുറിച്ചുള്ള ചിന്ത മനുഷ്യരാശിയില്‍ ഏറിയിരിക്കുകയാണ്. ഓസോണ്പാളിയെപ്പറ്റിയുള്ള ചര്‍ച്ചകളും പഠനങ്ങളും വന്നുകൊണ്ടിരിക്കുന്ന കാലത്ത് പ്രകൃതിയെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും ഉല്‍ക്കടമായ ചിന്തകളുണ്ടാക്കുന്ന പുസ്തകമാണ് ആഗോളതാപനവും തീവ്രകാലാവസ്ഥാ മാറ്റങ്ങളും. ശാസ്ത്രത്തെ ലളിതമായി ആഖ്യാനം ചെയ്യുന്നതിനോടൊപ്പം സ്വകീയമായ ആശയത്തെ മുന്നോട്ടുവയ്ക്കുവാനും ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ പുതിയ ലോകവീക്ഷണത്തിലേക്ക് കടക്കുവാനും ഈ പുസ്തകം പ്രേരണയാകും.
ആഗോളതാപനവും തീവ്ര കാലാവസ്ഥാ മാറ്റങ്ങളും (പഠനം)
എന്‍. രാജശേഖരന്, പരിധി പബ്ലിക്കേഷന്‍
വില: 550/-
ഫോണ്‍: 9895550719
പ്രതികരിക്കാൻ ഇവിടെ എഴുതുക: