തിരുവനന്തപുരം: “ഒരു സേവാഭാരതി ആംബുലന്‍സ് ‘മേപ്പടിയാന്’ എന്ന സിനിമയില്‍ കാണിച്ചതാണ് പലരും എന്നെ വിമര്‍ശിക്കാന്‍ കാരണമായത്. ഞാന്‍ പല സൂപ്പര്‍ താരങ്ങളുടെയും സിനിമ കണ്ടിട്ടുണ്ട്. അതില്‍ എസ് ഡിപിഐ എന്ന് വരെ കാണിച്ചിട്ടുണ്ട്. എന്നിട്ടും അതിനെതിരെ ഒരു വിമര്‍ശനവും ഉയര്‍ന്നില്ല. എന്താണ് അവരെ പ്രകോപിപ്പിക്കുന്നതെന്ന് മനസ്ലിലാവുന്നില്ല.” – ഉണ്ണി മുകുന്ദന് പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ ഈ മറുപടി.
താന്‍ ഏറ്റവും വേദനിച്ച നിമിഷം എന്നെ ഹിന്ദു തീവ്രവാദി എന്ന് ആരോ വിളിച്ചതാണ്. ഞാന്‍ ഇപ്പോഴും ചില പ്രചാരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതായി പലരും എന്നെ കുറ്റപ്പെടുത്തുന്നു. ഇതെന്റെ മനസ്സിനെ വല്ലാതെ തകര്‍ക്കുന്നുണ്ട്. മാളികപ്പുറവും മേപ്പടിയാനും ചെയ്തപ്പോള്‍ ഈ ആരോപണം ശക്തമായി. 27 വയസ്സ് മുതല്‍ 34 വയസ്സ് വരെ ഞാന്‍ ഏഴോളം കേസുകളില്‍ കുടുങ്ങി. അതില്‍ നിന്നും പുറത്ത് കടക്കാന്‍ ഏഴ് വര്‍ഷമെടുത്തു. ഇവിടുത്തെ ഭൂരിഭാഗം ആളുകളുടെയും കാഴ്ചപ്പാടിനോട് ഒത്തുപോകാത്തതിനാലായിരുന്നു ഭൂരിഭാഗം കേസുകളും. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളംസിനിമയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്”- ഉണ്ണി മുകുന്ദന് പറയുന്നു.
‘നിങ്ങള്‍ പ്രധാനമന്ത്രി മോദിയോട് ആരാധന പ്രകടിപ്പിച്ചല്ലോ? എന്ന ചോദ്യത്തിന് നടന് ഉണ്ണി മുകുന്ദന് നല്കിയ മറുപടി ഇതാണ്:”ഞാന്‍ ഒരു ദേശീയ വാദിയാണ്. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും ബഹുമാനിക്കും.”
“പ്രധാനമന്ത്രി ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. .”-ഉണ്ണി മുകുന്ദന് പറഞ്ഞു.
എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു. കുട്ടിക്കാലം മുതക്കെ, എന്റെ സമീപനം മതത്തേക്കാള്‍ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള 25 ആണ്‍കുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങള്‍ ഒരുമിച്ച് ജിമ്മില്‍ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്’- ഉണ്ണി മുകുന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: