തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം എഎവൈ, പിഎച്ച്എച്ച് എന്നീ റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 15,16,17 എന്നീ തിയതികളിൽ നടക്കും. ഇന്ന് മുതൽ മസ്റ്ററിംഗ് നടക്കും. ഇ-കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് കാർഡ് ഉടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. റേഷൻകടകൾക്ക് സമീപമുള്ള അംഗൻവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നീ പൊതു ഇടങ്ങളിലാകും ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായി എത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. സ്ഥല സൗകര്യമുള്ള റേഷൻ കടകളിൽ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് എന്നീ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഇന്ന് മുതൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്പെക്ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും. ഇ-കെവൈസി അപ്ഡേഷൻ സമയബന്ധിതമായി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലെയിം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റേഷൻകടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമാകും ഇ-കെവൈസി മസ്റ്ററിംഗ് സാധ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: