കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയിലെ സൗത്ത് റെയില്‍വെസ്റ്റേഷനു സമീപമുള്ള വീട്ടില്‍ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തിയ കേരളസര്‍വകലാശാല മാര്‍ഗം കളി മത്സരത്തിലെ വിധികര്‍ത്താവ് പി.എന്‍. ഷാജിയുടെ ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍.
”ഞാന്‍ നിരപരാധിയാണ്, ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. സത്യം, സത്യം, സത്യം. അര്‍ഹതപ്പെട്ടതിന് മാത്രമാണ് കൊടുത്തത്. എന്റെ അമ്മയ്ക്കറിയാം ഞാന്‍ തെറ്റു ചെയ്യില്ലെന്ന്. ഇതിന്റെ പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ”യെന്നാണ് മൃതദേഹത്തിന് അരികെ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
നാലുപതിറ്റാണ്ടായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകന് ഒരിക്കലും പണം വാങ്ങി വിധിനിര്‍ണയം നടത്തില്ലെന്ന് നിറകണ്ണുകളോടെ വിതുമ്പിപ്പറയുകയാണ് ഷാജിയുടെ അമ്മ പൂത്തട്ട ലളിത. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പ്രതിയാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പതിനൊന്നിന് തിരുവനന്തപുരത്ത് നിന്നുമെത്തിയ ഷാജി ആകെ അവശനും
ക്ഷീണിതനുമായിരുന്നു.
അവന്റെ മുഖത്ത് കരുവാളിപ്പും പാടുകളുമുണ്ടായിരുന്നു. നിനക്ക് അടി കൊണ്ടിരുന്നോ മോനേയെന്നു ചോദിച്ചപ്പോള്‍ ഇല്ലമ്മേയെന്നു പറഞ്ഞു. ആരോ അവനെ ചതിച്ചതാണ്. പണം വാങ്ങുന്നവനാണെങ്കില്‍ ഈ വീടു ഇങ്ങനെയാവുമോയെന്ന ഷാജിയുടെഅമ്മ ലളിത തകരാറായ പഴയവീടിലേക്ക് നോക്കികൊണ്ടു പറഞ്ഞു.
മേല്‍ക്കൂര പൊളിഞ്ഞു കഴുക്കോല് കാണുന്നില്ലേ. നിലത്തിട്ട സിമന്റെല്ലാം പൊട്ടിപ്പൊളിഞ്ഞു. തിരുവനന്തപുരത്തു നിന്ന് ക്ഷീണിതനായി എത്തിയ ഷാജി ഭക്ഷണമൊന്നും കഴിച്ചില്ലെന്നും യാത്രയില്‍ മടങ്ങിവരുമ്പോള്‍ കൊണ്ടുവന്ന അവലും മിക്സ്ചറും തിന്നോളാമെന്നാണ് പറഞ്ഞത്. ഉച്ചയ്ക്ക് അവന്റെ കൂട്ടുകാരന് വീട്ടില്‍ കാണാനെത്തിയിരുന്നു. തന്റെ നിര്‍ബന്ധം കാരണം ഇരുവരും ഒരു പിടി ചോറുവാരിത്തിന്നുവെന്നും ഇതിനു ശേഷം ഷാജി ഉറങ്ങാന്‍ കിടന്നുവെന്നും അമ്മ പറഞ്ഞു. വൈകുന്നേരം ആറരയോടെ അവന് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് സംശയം തോന്നി അവന്റെ സഹോദരനെയും പൊലിസിനെയും വിളിച്ചത്. പോലീസെത്തിയാണ് കതകുകള്‍ തുറന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ലളിത പറഞ്ഞു.
”അമ്മേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെ”ന്ന് പല തവണ മകന് കരഞ്ഞു പറഞ്ഞിരുന്നു. ഷാജിയുടെ സഹോദരനും നാട്ടുകാര്‍ക്കും ഷാജി തെറ്റെന്നും ചെയ്യില്ലെന്നുതന്നെയാണ് പറയാനുണ്ടായിരുന്നത്. ഏറെ പ്രിയങ്കരനായ കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കലാസ്വാദകരും നാട്ടുകാരും. സ്കൂള്‍, കോളേജ് കലോത്സവങ്ങളിലും പൊതുമത്സരങ്ങളിലും മാര്‍ഗം കളിയിലും മറ്റു നൃത്തനൃത്യങ്ങളിലും സംഘാടകര്‍ വിശ്വസിച്ചു വിളിച്ചിരുന്ന വിധികര്‍ത്താക്കളിലൊരാളായിരുന്നു ഷാജി. ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഒരാളാണെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകരും അധ്യാപകരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: