എം.എല്‍. അശ്വനി: ”തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ച കാസര്‍കോടിന്റെ വികസന പിന്നാക്കവസ്ഥ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കും. പ്രത്യേകിച്ചും ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഉറപ്പു വരുത്തും. 2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എന്നാല്‍ നമ്മുടെ പ്രദേശത്തെ രാഷ്ട്രീയപരിതസ്ഥിതി മൂലം ഇതില്‍ പലതും നമുക്കു നഷ്ടപ്പെടുകയാണ്. ജനങ്ങള്‍ ഇത് മനസിലാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായ വികസനം കാസര്‍കോട്ടെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ തീര്‍ച്ചയായും ഈ നാട്ടിലെ ജനങ്ങള്‍ എന്‍ഡിഎയെ വിജയിപ്പിക്കും.
എം.വി. ബാലകൃഷ്ണന്: ”കഴിഞ്ഞ തവണ കൈവിട്ട കാസര്‍കോട് ലോക്സഭാ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം എംപി എന്ന നിലയില്‍ യുഡിഎഫിന്റെ പ്രതിനിധി തികഞ്ഞ പരാജയമായിരുന്നു. സംസ്ഥാനത്താകമാനമുളള എല്‍ഡിഎഫ് അനുകൂല സാഹചര്യം മണ്ഡലത്തിലും വിജയത്തിന് വഴിയൊരുക്കും.
രാജ്മോഹന്‍ ഉണ്ണിത്താന്: ”യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തും. അഞ്ചുവര്‍ഷം മണ്ഡലത്തിലെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം യുഡിഎഫിന് അനുകൂല സാഹചര്യം മണ്ഡലത്തിലും ഉണ്ടാക്കും.
കേരളത്തിന്റെ വടക്കേ അറ്റത്തെ ലോക്സഭാ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം.എല്‍. അശ്വിനി എത്തിയതോടെയാണിത്. വനിതാവോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമായ മണ്ഡലമാണിത്.
ചരിത്രവിജയമാണ് എന്‍ഡിഎ പല അനുകൂല കാരണങ്ങളാല്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് വേണ്ടി സിറ്റിങ് എംപി രാജ്മോഹന്‍ ഉണ്ണിത്താനും എല്‍ഡിഎഫില്‍ സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ.പി. സതീഷ് ചന്ദ്രനെ 40438 വോട്ടിനാണ് രാജ്മോഹന്‍ ഉണ്ണിത്താന് തോല്‍പ്പിച്ചത്. അന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ഒന്നേമുക്കാല്‍ ലക്ഷത്തത്തിലേറെ വോട്ടു നേടി. 35 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം കഴിഞ്ഞ തവണ പരാജയപ്പെട്ടത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി മഞ്ചേശ്വരം ബ്ലോക്കിലെ കടമ്പാര്‍ ഡിവിഷന് പ്രതിനിധിയും മഹിളാമോര്‍ച്ച നേതാവുമാണ്. ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവും.
കൊല്ലം ജില്ലയിലെ കിളികൊല്ലൂര്‍ സ്വദേശിയായ രാജ്മോഹന്‍ ഉണ്ണിത്താന് എഐസിസി അംഗമാണ്. പാര്‍ട്ടി വക്താവായിരുന്നു. രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി എം.വി. ബാലകൃഷ്ണന് പാര്‍ട്ടിയുടെ മുന്‍ കാസര്‍കോട് ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. മുഴക്കോം സ്വദേശിയായ അദ്ദേഹം റിട്ട. അധ്യാപകനാണ്. ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥ ഇതിനകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പ്രതിനിധീകരിച്ച ഇടത്-വലത് എംപിമാര്‍ മണ്ഡലത്തെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. ചികിത്സയ്ക്കും പഠിത്തത്തിനും ജനങ്ങള്‍ ഇപ്പോഴും മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ജയിപ്പിച്ചാല്‍ കാസര്‍കോട്ട് സകല ചികിത്സാ സംവിധാനവും ഉറപ്പാക്കുന്ന എയിംസ് എത്തിക്കുമെന്നാണ് അശ്വിനിയുടെ ഗ്യാരന്റി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമപദ്ധതികളും എന്‍ഡിഎയ്ക്ക് അനുകൂലമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി ചരിത്രത്തിലാദ്യമാണ്, ആ വനിതയ്ക്ക് വിജയം ഉറപ്പാക്കാനാണ് പാര്‍ട്ടിയുടെ വോട്ടഭ്യര്‍ത്ഥന.
കഴിഞ്ഞ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളില്‍ ബിജെപി ഏറെ വോട്ട് നേടി. ഇത്തവണ ആ വികാരം കൂടുതല്‍ ശക്തമാണെന്നാണ് വിലയിരുത്തല്‍. അശ്വിനി
മണ്ഡലമാകെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി. വമ്പിച്ച സ്വീകാര്യതയാണ് കിട്ടുന്നുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് 474,961(43%) വോട്ടുകള്‍ നേടിയപ്പോള്‍, സിപിഎമ്മിലെ കെ.പി. സതീഷ്ചന്ദ്രന് 434,523 (40%) വോട്ടുകളും ബിജെപിയിലെ രവീശ തന്ത്രി കുണ്ടാര്‍ 176,049 വോട്ടുകള്‍ (16%) വോട്ടുമാണ് നേടിയിരുന്നത്.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍നിന്നായി 10,51,111 വോട്ടര്‍മാര്‍. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,13,579 പുരുഷന്മാരും 5,37525 സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍നിന്ന് ഏഴ് പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: