കൊച്ചി: വഴിയോരക്കച്ചവടനിയമത്തിലെ സെക്ഷന്‍ 2 പ്രകാരം ‘തെരുവുകച്ചവടക്കാര്‍’ എന്ന നിര്‍വചനത്തില്‍ പുസ്തക കച്ചവടം നടത്തുന്നവര്‍ ഉള്‍പ്പെടെ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
പരാതികള്‍ പരിഹരിക്കുന്നതിനായി തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ രൂപീകരിച്ച സമിതിയെ ഹര്‍ജിക്കാര്‍ക്ക് സമീപിക്കാം. ഉപവകുപ്പ് 2 പ്രകാരം ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സിവില്‍ ജഡ്ജിയോ ജുഡീഷ്യല്‍ മജിസ്ട്രേറ്റോ ആയ ഒരു ചെയര്‍പേഴ്സണും മറ്റ് രണ്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒന്നോ അതിലധികമോ കമ്മിറ്റികള്‍ സര്‍ക്കാരിന് രൂപീകരിക്കാമെന്ന് നിയമത്തിന്റെ 20-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
30 വര്‍ഷത്തിലേറെയായി തൃശ്ശൂര്‍ നഗരത്തിലെ തെരുവുകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു കൂട്ടം വഴിയോരക്കച്ചവടക്കാരാണ് റിട്ട് ഹര്‍ജി നല്‍കിയത്.
മതിയായ പുനരധിവാസവും സ്ഥലംമാറ്റവും നടത്താതെയും നിയമനടപടികള്‍ കൃത്യമായി പാലിക്കാതെയും ഹര്‍ജിക്കാരെ ഒഴിപ്പിക്കുന്നതിന് പ്രതിഭാഗം നടപടിയെടുക്കരുതെന്ന് ഉത്തരവിടാനാണ് ഹര്‍ജി നല്‍കിയത്. വഴിയോരക്കച്ചവട നിയമത്തിലെ സെക്ഷന്‍ 3(3) പ്രകാരം ഒരു സര്‍വേ നടക്കുന്നതുവരെ ഒരു വഴിയോരക്കച്ചവടക്കാരെയും കുടിയൊഴിപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ വാദം നിയമത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരായ വിനോദ് പിവി, ഡി റീത്ത, ഷിയാസ് കെ.ആര്. എന്നിവരാണ് ഹര്‍ജിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: