രാഷ്ട്രീയത്തിലെ തീരെ ചെറിയ സാധ്യതകളെ പോലും പരമാവധി പ്രയോജനപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കീഴില്‍ ബിജെപി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കൈവരിച്ച വലിയ മുന്നേറ്റം തന്നെ ഇതിനുദാഹരണം. ഹിന്ദിപാര്‍ട്ടിയെന്നും ഗംഗാതീരത്തെ പാര്‍ട്ടിയെന്നും ബിജെപിയെ വിലയിരുത്തിയ കാലം എന്നേ അവസാനിച്ചിരിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കേരളമടക്കം ദക്ഷിണ ഭാരതത്തിലും ബംഗാള്‍ അടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഇന്ന് ബിജെപി ശക്തമാണ്. ജാതി-മത, വര്‍ണ്ണ, വര്‍ഗ്ഗ ഭേദമന്യേ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ബിജെപി മാറിക്കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപിയെ മാറ്റിത്തീര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവവും പ്രഭാവവും കാഴ്ചപ്പാടുകളും വികസന സങ്കല്‍പ്പങ്ങളും രാജ്യത്തെ 140 കോടി ജനങ്ങളെയും വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി മുന്നോട്ടുനയിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും മോദീപ്രഭാവം ഏറെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പലരും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിച്ച് മോദിക്കൊപ്പം അണിനിരക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഓരോ മാസവും ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപി അംഗത്വമെടുത്ത് ദേശീയ മുഖ്യധാരയുടെ ഭാഗമാവുന്നത് പതിവ് കാഴ്ചയാണ്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നുവെന്ന് മാത്രം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള അവസരം നല്‍കുന്നതിലും ബിജെപി ഏറെ ശ്രദ്ധ നല്‍കാറുണ്ട്. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിലും അവഗണനയിലും മനംമടുത്തും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനൊപ്പം ചേരാനാഗ്രഹിച്ചും ബിജെപിയിലേക്കെത്തിയ കഴിവുറ്റ നിരവധി നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഭരണകര്‍ത്താക്കളായുണ്ട്. അസമിലെ മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മയും അരുണാചല്‍ പ്രദേശിലെ മുഖ്യമന്ത്രി പേമ ഖണ്ഡുവും കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമൊക്കെ മികച്ച ഉദാഹരണങ്ങളാണ്. അഴിമതിയും കുടുംബാധിപത്യവും നിറഞ്ഞ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് സംശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള അവസരം കൂടിയാണ് ബിജെപി നല്‍കുന്നത്. ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉയരാതെ, പത്തുവര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വികസിത ഭാരതമെന്ന ലക്ഷ്യം കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ അതിന്റെ ഭാഗമായി കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ ബിജെപിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും സാധിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതും ഈ അച്ചടക്കത്തോടെയും സമര്‍പ്പണ ഭാവത്തോടെയുമുള്ള പ്രവര്‍ത്തന രീതി തന്നെയാണ്. മറ്റെന്തെങ്കിലും താല്‍പ്പര്യങ്ങളുടെ പേരില്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തുന്ന രീതി ബിജെപിക്കില്ല എന്നതും രാഷ്ട്രീയ നേതാക്കളില്‍ ബിജെപി എന്നത് മികച്ച തെരഞ്ഞെടുപ്പ് ആവാന്‍ വഴിതുറന്നു.
വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയിലേക്ക് പ്രവേശിക്കുന്ന നേതാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുകയാണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ കയ്യൊഴിഞ്ഞുകഴിഞ്ഞു. താഴേത്തട്ടിലെ ജനവികാരം തിരിച്ചറിയുന്ന നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കാന് തീരുമാനിക്കുന്നു എന്നാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിനെപ്പറ്റി ബിജെപിയുടെ ദേശീയ നേതൃത്വം വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങള്‍ ആവേശപൂര്‍വ്വം അംഗീകരിക്കുകയും മൂന്നാമൂഴത്തിലേക്ക് മോദിയെ നയിക്കുകയും ചെയ്യുമ്പോള്‍ മാറിനില്ക്കാന് ജനനേതാക്കള്‍ക്കാവില്ല. ഞായറാഴ്ച രാജസ്ഥാനില്‍ രണ്ട് മുന്‍ മന്ത്രിമാരും മൂന്ന് എംഎല്‍എമാരും അടക്കം 25ലധികം കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയുടെ ഭാഗമായത്. സംസ്ഥാനത്തെ പ്രധാന നേതാവായ ലാല്‍ചന്ദ് കടാരിയയുടെ നേതൃത്വത്തിലാണ് ഇത്രയധികം നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. മധ്യപ്രദേശില്‍ ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത് മുന്‍ കേന്ദ്രമന്ത്രി സുരേഷ് പചൗടിയും മുന്‍ എംപി ഗജേന്ദ്രസിങ് രജുഖേദിയുമാണ്. മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ല, അര്ജുന് പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരും ബിജെപിയിലെത്തി. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തരിലൊരാളായി അറിയപ്പെട്ടിരുന്ന സുരേഷ് പചൗടിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വലിയ തിരിച്ചടിയാണ്. ഞായറാഴ്ച തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയത് അഞ്ച് പ്രധാന നേതാക്കളാണ്. രണ്ട് മുന്‍ എംപിമാരും രണ്ട് മുന്‍ എംഎല്‍എമാരും അംഗത്വമെടുത്തവരിലുണ്ട്. ഗോദം നാഗേഷ്, സിതാറാം നായിക് എന്നീ മുന്‍ എംപിമാരും സൈദി റെഡ്ഡി, ജലഗാം വെങ്കട് റാവു എന്നീ മുന്‍ എംഎല്‍എമാരുമാണ് ബിആര്‍എസ് വിട്ടത്. തെലങ്കാനയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്രീനിവാസ് ഗോമസും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉപേക്ഷിച്ച് ബിജെപിയിലേക്കെത്തുന്ന നേതാക്കളുടെ എണ്ണം ഉയരുമ്പോഴും രാഷ്ട്രീയ ജയസാധ്യതകള്‍ക്കൊപ്പം വരുന്ന നേതാക്കള്‍ക്ക് ബിജെപി സംസ്ക്കാരം പകര്‍ന്നു നല്‍കാനും പാര്‍ട്ടി ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ദൗത്യമാണ് ഓരോ ബിജെപി പ്രവര്‍ത്തകനും നേതാക്കള്‍ക്കുമുള്ളത് എന്ന് പുതുതായി ബിജെപിയിലേക്കെത്തുന്നവരും തിരിച്ചറിയുന്നു. അതിന് വിഘാതമായതൊന്നും ഉണ്ടാവില്ല എന്ന് ബിജെപിയും ഉറപ്പാക്കുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്, ദിഗംബര്‍ കാമത്ത്, എസ്.എം കൃഷ്ണ, വിജയ് ബഹുഗുണ, എന്‍. കിരണ്‍ റെഡ്ഡി, എന്‍.ഡി തിവാരി, അശോക് ചവാന് ജഗദംബിക പാല്, തുടങ്ങിയ നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഇവരാരും തന്നെ മുഖ്യമന്ത്രി പദമോ മറ്റെന്തെങ്കിലും പദവികളോ ലക്ഷ്യമിട്ടെത്തിയവരല്ല. എംപിസ്ഥാനമോ കേന്ദ്രമന്ത്രി സ്ഥാനമോ എംഎല്‍എ പദവിയോ പോലും കോണ്‍ഗ്രസില്‍ നിന്ന് എത്തി എന്നതിന്റെ പേരില്‍ ആര്‍ക്കും അനുവദിച്ചിട്ടുമില്ല. അതാതു മണ്ഡലങ്ങളിലെ ജയ സാധ്യതകളും മറ്റും പരിഗണിച്ചു മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറങ്ങിയപ്പോഴും വ്യക്തമായത് ഇതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയത് ആയിരത്തോളം നേതാക്കളാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡം ജയസാധ്യത മാത്രമെന്ന് 195 പേരുടെ ആദ്യപട്ടിക പുറത്തിറങ്ങിയപ്പോള്‍ വ്യക്തവുമായി.
കേരളത്തില്‍ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ പദ്മജ വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്. പദ്മജയുടെ തട്ടകമായ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കുകയെന്ന ദൗത്യമാണ് പുതുതായി എത്തിയ നേതാക്കള്‍ക്കുള്ളത്. അതാണവര്‍ ചെയ്യുന്നതും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റുകള്‍ നേടി ചരിത്ര വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുതുതായി ബിജെപിയിലേക്കെത്തുന്നവര്‍ കരുത്ത് പകരുന്നു. യാതൊരു ഭേദഭാവനകളുമില്ലാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ട ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും പാര്‍ട്ടിയാണ്. യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ, ആവേശത്തോടെ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് സാധിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. രാഷ്ട്രീയ രംഗത്തിന്റെ ശുദ്ധീകരണ പ്രക്രിയയാണ് ബിജെപി രാജ്യത്ത് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: