അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ. സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ കൂട്ടം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സേവാഭാരതി അധ്യക്ഷന്‍ രബു മനോഹര്‍ നല്കിയ മാനനഷ്ടക്കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. സംപ്രേഷണം ചെയ്തത് പിന്‍വലിച്ച് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
സാത്താന്‍കുളത്ത് 2020 ജൂലൈയില്‍ ജയരാജ്, ബെനിക്സ് എന്നീ യുവാക്കളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുട്യൂബിലൂടെ പുറത്തുവിട്ട വാര്‍ത്തയിലാണ് സേവാഭാരതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ തമിഴ്നാട്ടില്‍ പ്രകോപനം സൃഷ്ടിച്ചു. 2020ലാണ് രബു മനോഹര്‍ മാനനഷ്ടഹര്‍ജി നല്‍കിയത്.
കറുപ്പര്കൂട്ടത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ചെന്നൈ കില്‍പ്പോക്ക് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ക്ക് സേവാഭാരതി പരാതി നല്കി. യൂട്യൂബ് ചാനല്‍ നിരോധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്നും സേവാഭാരതി ആവശ്യപ്പെട്ടു.
കസ്റ്റഡി മരണത്തിനുത്തരവാദികളെന്ന് ആരോപിക്കപ്പെട്ട ഫ്രണ്ട്സ് ഓഫ് പോലീസുമായി സേവാഭാരതിക്ക് ബന്ധമുണ്ടെന്നായിരുന്നു യുട്യൂബ് വഴി പ്രചരിപ്പിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ ചാനലിനോട് വിശദീകരണം തേടിയെങ്കിലും അവര്‍ അത് നല്കുന്നതില് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
2020 ജൂണ്‍ 19ന്, കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത പി. ജയരാജും മകന് ജെ. ബെനിക്സും കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ, അച്ഛനും മകനും ലൈംഗികാതിക്രമടക്കമുള്ള പീഡനവും അനുഭവിച്ചെന്നാണ് വിവരം. അന്നത്തെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: