നേരിയ വലകള്‍ കൊണ്ട് നെയ്‌തെടുത്ത അടപ്പുള്ള ഒരു ചെറിയ പാത്രമാണ് മേശപ്പുറത്ത്. അതില്‍ നിറയെ കൊതുകുകള്‍. കൃത്യമായി പറഞ്ഞാല്‍ ചോരയും നീരും തുടിക്കുന്ന 200 കൊതുകുകള്‍. മേശക്കു മുന്നില്‍ രണ്ട് ഡസനിലേറെ യുവാക്കള്‍ തയ്യാറായി നില്‍ക്കുകയാണ്. പെട്ടിക്കുള്ളിലെ കൊതുകുകളുടെ കൂട്ടായ കുത്ത് കൊള്ളാന്‍ സ്വയം എത്തിച്ചേര്‍ന്ന വോളന്റിയര്‍മാര്‍. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ അരങ്ങേറിയ ഒരു പരീക്ഷണത്തിന്റെ ആദ്യ രംഗമായിരുന്നത്. മലേറിയക്കെതിരെ സ്വാഭാവികമായ പ്രതിരോധം മനുഷ്യനില്‍ ഉണ്ടാക്കിയെടുക്കാനാവുമോ എന്ന് കണ്ടെത്താനുള്ള ശ്രമം. അതില്‍ സഹായിക്കുന്നതിനാണ് കൊതുകുകടി കൊള്ളാനായി യുവാക്കള്‍ എത്തിയത്.
ഗുരുതരമായ പകര്‍ച്ച രോഗമാണ് മലേറിയ. ലോകജനസംഖ്യയുടെ പകുതിയോളം മലേറിയ ഭീഷണിയിലാണ് കഴിയുന്നതെന്ന് 2021 ലെ ‘വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട്’ പറയുന്നു. ഏതാണ്ട് 87 രാജ്യങ്ങളിലെ ആളുകളാണ് ഈ രോഗത്തിന്റെ ഭീഷണിയില്‍ കഴിയുന്നതത്രേ. 2020 ല്‍ 241 ദശലക്ഷം ആളുകളെയാണ് മലേറിയ ബാധിച്ചത്. അതില്‍ ആറേകാല്‍ ലക്ഷം രോഗികള്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതില്‍ 95 ശതമാനം മരണവും സംഭവിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളിലും.
അനോഫലിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണല്ലോ മലേറിയയുടെ സുവിശേഷം പരത്തുന്നത്. പ്ലാസ്‌മോഡിയം പാരസൈറ്റ് ആക്രമിച്ച മനുഷ്യനില്‍നിന്ന് അവ ചോരകുടിക്കുന്നതോടെയാണ് രോഗാണുവിന്റെ ജീവിതചക്രം ആരംഭിക്കുന്നത്. കൊതുകിന്റെ ഉള്ളില്‍ അതിവേഗം പെറ്റുപെരുകുന്ന മലേറിയ അണുക്കള്‍ അതിന്റെ ഉമിനീര്‍ ഗ്രന്ഥികളിലാണ് അവസരം പാര്‍ത്തിരിക്കുക. കൊതുക് ഒരു മനുഷ്യനെ കടിക്കുമ്പോള്‍ സ്വാഭാവികമായും രോഗാണുക്കളും കടന്നുകയറും.
വാക്‌സിനാണ് മലേറിയയെ തടയാന്‍ പറ്റിയ ഒറ്റമൂലിയെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ മലേറിയക്കെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ ഉണ്ടായിട്ടില്ലയെന്നതാണ് സത്യം. 2021 ല്‍ ആദ്യ മലേറിയ വാക്‌സിന്‍ (മോസ്‌ക്വിറിക്‌സ്) ലോകാരോഗ്യ സംഘടന അംഗീകരിച്ചുവെന്നത് ശരി തന്നെ. പക്ഷേ അതിന്റെ ശക്തി കേവലം 30-40 ശതമാനം മാത്രമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ കൂടുതല്‍ ഫലപ്രദമായ മലേറിയ വാക്‌സിന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നു. കരുത്ത് നശിച്ച് നിസ്സഹായരായ രോഗാണുക്കളെ ഉപയോഗിച്ചുള്ള മറുമരുന്നാണവരുടെ ലക്ഷ്യം. അതാണ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നടന്നത്. പാരമ്പര്യത്തിന്റെ വാഹകരായ ജീനുകളെ പരിവര്‍ത്തനം ചെയ്യുക. ജീന്‍ എഡിറ്റിങ് വിദ്യയായ ‘ക്രിസ്പര്‍’ ഉപയോഗിച്ച് രോഗാണുവിന്റെ ഡിഎന്‍എയില്‍ കത്രിക പ്രയോഗവും കൂട്ടിച്ചേര്‍ക്കലും നടത്തി ‘പ്ലാസ് മോഡിയ’ത്തെ നിസ്‌തേജരാക്കുക. അവയ്‌ക്ക് രോഗം ഉണ്ടാക്കാന്‍ കഴിവുണ്ടാവില്ല. പക്ഷേ മലേറിയക്കെതിരായ ആന്റി ബോഡികളെ മനുഷ്യരക്തത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
അതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പെട്ടിക്കുള്ളിലെ കൊതുകിന്റെ കടി സന്തോഷപൂര്‍വം സ്വീകരിക്കാനായി വോളന്റിയര്‍മാര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയത്. ആദ്യം ജനിതകമാറ്റം വരുത്തിയ അണുക്കളെ വഹിക്കുന്ന കൊതുകുകളുടെ കടി വാങ്ങി. നിശ്ചിത സമയത്തിനുശേഷം ശരിയായ മലേറിയ അണുവിനെ വഹിക്കുന്ന കൊതുകുകളുടെ കടിയായിരുന്നു അവര്‍ സ്വീകരിച്ചത്.
കരുത്തു കുറഞ്ഞു അണുക്കളെ ശരീരത്തില്‍ കയറ്റിയശേഷം യഥാര്‍ത്ഥ അണുക്കളെ സ്വീകരിച്ച 14 വോളന്റിയര്‍മാരില്‍ ഏഴുപേര്‍ക്ക് അസുഖം ബാധിച്ചു. അവര്‍ സാധാരണ ചികിത്സകൊണ്ടുതന്നെ രോഗമുക്തി നേടുകയും ചെയ്തു. ഏഴ് പേര്‍ക്ക് അസുഖം വന്നില്ല. അവര്‍ മലേറിയ രോഗാണുക്കളെ നേരിടാനുള്ള പ്രതിരോധശേഷി അപ്പോഴേക്കും കൈവിരച്ചു കഴിഞ്ഞിരുന്നു.
വാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് ഉറപ്പാക്കാമെന്ന് പഠനസംഘത്തിലെ പ്രമുഖനായ സ്റ്റീഫന്‍ കാപ്പേ പറയുന്നു. ഇത്തരം വാക്‌സിന്‍ കുത്തിവയ്‌പ്പിലൂടെയോ തൊലിപ്പുറത്ത് ഒട്ടിച്ചുവയ്‌ക്കാവുന്ന പാച്ചുകളിലൂടെയോ ആളുകളിലെത്തിക്കാന്‍ കഴിയുമത്രേ.
കുത്തുവേണ്ടാത്ത കാലം വരുന്നു
പ്രമേഹം അഥവാ ഡയബറ്റിക്‌സ് കൊണ്ടു വലയുന്ന രോഗികള്‍ക്ക് അധികം താമസിയാതെ ഒരു ആശ്വാസവാര്‍ത്ത ലഭിച്ചേക്കാം. ദിവസേന പലവട്ടം നടത്തുന്ന തൊലിപ്പുറ കുത്തിവയ്‌പ്പിനു പകരം ചോക്ലേറ്റു രുചിയോടെ വിഴുങ്ങാനാവുന്ന ഇന്‍സുലിന്‍ വരുന്നു. ലോകമെമ്പാടുമുള്ള 75 ദശലക്ഷത്തില്‍പരം രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ വാര്‍ത്ത വന്നത് നേച്ചര്‍ നാനോ ടെക്‌നോളജി ജേര്‍ണലില്‍. അതിസൂക്ഷ്മ മൈക്രോ സ്‌കോപ്പുകള്‍ക്കുപോലും കണ്ടെത്താനാവാത്ത നാനോ കണങ്ങളായാണ് ഇന്‍സുലിനെ ശരീരത്തിലേക്ക് കടത്തുക.1922 ല്‍ ആണ് ഹോര്‍മോണ്‍ ഇന്‍സുലിന്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ തുടങ്ങിയതാണ് കുത്തിവയ്‌പ്പും. സിറിഞ്ചുകൊണ്ട് തുരുതുരാ കുത്തിവയ്‌ക്കുമ്പോള്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ ഇന്‍സുലിന്‍ എത്തും. അത് അഭികാമ്യമല്ലാത്ത പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഗവേഷണ സംഘാംഗവും ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വെയിലെ ശാസ്ത്രജ്ഞനുമായ പ്രൊഫ. പീറ്റര്‍ മക്‌കോര്‍ട്ട് പറയുന്നു.
വായിലൂടെ ഇന്‍സുലിന്‍ ശരീരത്തിലെത്തിക്കുമ്പോള്‍ വയറിലെ അമ്ലാംശവും ദഹനരസങ്ങളുമൊക്കെ ചേര്‍ന്ന് ഒരു പ്രോട്ടീന്‍ ആയ ഇന്‍സുലിനെ വിഘടിപ്പിക്കുന്നു. അതിനാല്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കടന്ന് സ്വന്തം ജോലി ചെയ്യാന്‍ ഇന്‍സുലിന് കഴിയാതെ വരുന്നു. എന്നാല്‍ തൊലിക്കടിയില്‍ കുത്തിവയ്‌ക്കുമ്പോള്‍ ദഹനവ്യവസ്ഥയില്‍ ഉണ്ടാവുന്ന പ്രശ്‌നമില്ല. നിയന്ത്രിത അളവ് ഇന്‍സുലിന്‍ കൃത്യമായും രക്തചംക്രമണ വ്യവസ്ഥയില്‍ എത്തുകയും ചെയ്യും.
എന്നാല്‍ കുത്തിവയ്‌പ്പിന്റെ വേദനയും അസൗകര്യവും ഒഴിവാക്കുകയാണ് പുതിയ പഠനത്തിന്റെ ലക്ഷ്യം. ഇന്‍സുലിന്‍ നേരെ കരളിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വെയും സിഡ്‌നി സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഈ ഗവേഷണത്തിന്റെ ലക്ഷ്യം.
ആരോഗ്യമുള്ളവരില്‍ പാന്‍ക്രിയാസിലാണ് ഇന്‍സുലിന്‍ ഉണ്ടാവുന്നത്. പക്ഷേ കരളിലെത്തുമ്പോഴാണ് അത് അത്ഭുതകരമായി ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ഇന്‍സുലിന്‍ നേരെ കരളിലെത്തിക്കുക. ഗവേഷകര്‍ ലക്ഷ്യമായി സ്വീകരിച്ചത്. 2018 ല്‍ ആസ്‌ട്രേലിയന്‍ ഗവേഷകര്‍ രൂപപ്പെടുത്തിയ പോളിമര്‍ കോട്ടിങ് ആണ് ഗവേണത്തിന് ആധാരമായത്. കൃത്യ സ്ഥലത്ത് കൃത്യസമയത്തു മാത്രമേ അത് ഇന്‍സുലിനെ പുറത്തുവിടുകയുള്ളൂ. ഗുളിക രുചികരമാക്കുന്നതിന് പഞ്ചസാരമുക്തമായ ചോക്ലേറ്റും ഗുളികയുടെ ആവണത്തില്‍ ചേര്‍ക്കും. കരളിലെത്തുമ്പോള്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ആനുപാതികമായി മാത്രം ഇന്‍സുലിന്‍ പുറത്തുവരുമെന്ന് ഗവേഷണ സംഘം തലവനും സിഡ്‌നി സര്‍വകലാശാല പ്രൊഫസറുമായ നിക്കോളാസ് ജെ. ഹണ്ട് വിശദീകരിക്കുന്നു.
2025 ല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ എത്തിക്കാനും… അതുവരെ ആകാംക്ഷയോടെ കാത്തിരിക്കുക.
തലച്ചോറിലെ ചിപ്പ്
തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ മനസ്സുകൊണ്ട് കമ്പ്യൂട്ടറിന്റെ കഴ്‌സര്‍ നിയന്ത്രിക്കാനാവുമോ? തീര്‍ച്ചയായും ആകുമെന്ന് ന്യൂറോലിങ്ക് കമ്പനിയുടമ ഇലോണ്‍ മസ്‌ക് പറയുന്നു. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഒരാളുടെ തലച്ചോറില്‍ പ്രത്യേകതരം ചിപ്പ് സ്ഥാപിച്ചാണത്രെ, ന്യൂറോ ലിങ്ക് കമ്പനിയുടെ ആ പരീക്ഷണം വിജയിപ്പിച്ചത്. തലച്ചോറില്‍നിന്നുള്ള സിഗ്നലുകള്‍ കമ്പ്യൂട്ടര്‍ സര്‍ക്യൂട്ടിലേക്ക് നേരിട്ട് നല്‍കുകയാണ് ഈ പ്രക്രിയയില്‍. ശാരീരിക അവശത മൂലം പാടുപെടുന്നവര്‍ക്ക് ഈ സംവിധാനം ഏറെ സഹായകരമാവുമെന്ന് മസ്‌ക് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: