ദുബായ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും, ഇതിന് സഹായിക്കുന്നവർക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും, ഇത്തരം വ്യക്തികൾക്ക് യാത്രാ സേവനങ്ങൾ, താമസസൗകര്യങ്ങൾ, തൊഴിൽ, മറ്റു സേവനങ്ങൾ, സഹായങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾക്കും തടവ്, പിഴ തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നിയമലംഘകർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ, ആറ് മാസം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999, 994 എന്നീ നമ്പറുകളിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: