ഇടുക്കി : കട്ടപ്പന സാഗര ജംഗ്ഷനില്‍ നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നില്‍ നരബലിയെന്ന് സംശയം.മോഷണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടന്നതായുള്ള സൂചനകള്‍ ലഭിച്ചത്.
കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന് (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് പിടിയിലായത്.രണ്ടുപേരെ കൊല ചെയ്ത ശേഷം മൃതദേഹങ്ങള്‍ വീടിന്റെ തറയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മന്ത്രവാദം നടന്നതിന്റെയും മറ്റും സൂചന ലഭിച്ചു.
അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയന്, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി മറവ് ചെയ്തതെന്നാണ് കരുതുന്നത്. സാഗര ജംഗ്ഷനിലെ വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.
നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന.
വിഷ്ണുവിന്റെ പിതാവ് വിജയനെ കുറെ കാലമായി കാണാനില്ലായിരുന്നു. ഇതില്‍ ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടിയതായും അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടിയെന്നും ആണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
നഗരത്തിലെ ഒരു വര്‍ക്ക് ഷോപ്പില്‍ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. അര്‍ദ്ധരാത്രി മോഷണം നടത്തവെ വര്‍ക്ക് ഷോപ്പ് ഉടമയുടെ മകനാണ് ഇരുവരെയും കാണുന്നതും പിടികൂടുന്നതും. ഇവരെ ചോദ്യംചെയ്തതോടെയാണ് നരബലിസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
കാഞ്ചിയാര്‍ കാക്കാട്ടുകടയിലായിരുന്നു പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ചു പൊലീസിന്റെ തിരച്ചില്‍. മോഷണ ശ്രമത്തിനിടയില്‍ പിടിയിലായവരില്‍ വിഷ്ണുവും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഈ സമയം അസ്വാഭാവികമായ ചിലത് വീട്ടില്‍ കണ്ടെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്.
വ്യാഴാഴ്ച രാവിലെ മുതല്‍ പൊലീസ് കാവലിലാണ് ഈ വീടും പരിസരവും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ആര് മധുബാബുവിന്റെ നേതൃത്തിലുള്ള സംഘം കക്കാട്ടുകടയിലേയും വിഷ്ണുവും കുടുംബവും മുമ്പ് താമസിച്ചിരുന്ന കട്ടപ്പനയ്ക്ക് സമീപം സാഗര ജംഗ്ഷന് സമീപത്തെ പഴയ വീട്ടിലും എത്തി പരിശോധന നടത്തി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: