തൃശ്ശൂര്‍: പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത് മനം മടുത്ത്. നിരന്തരമായി തുടരുന്ന ചതിയും അവഗണനയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന് പദ്മജ വെളിപ്പെടുത്തുന്നു. യുഡിഎഫിന്റെ സ്രഷ്ടാവായ ലീഡര്‍ കരുണാകരനെപ്പോലും ചാരക്കേസില്‍ കുരുക്കി അപമാനിച്ച് പുറത്താക്കിയവരാണ്. ഇപ്പോഴും അതേ വൈരാഗ്യബുദ്ധിയോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ലീഡര്‍ കെ. കരുണാകരന്റെ മകളായതുകൊണ്ട് മാത്രം താന്‍ വേട്ടയാടപ്പെട്ടു. കോണ്‍ഗ്രസിലെ ചില നേതാക്കളായിരുന്നു ഇതിന് പിന്നില്‍. മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരി.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പിലും ചതിച്ചു. ലീഡര്‍ സര്‍വശക്തനായിരുന്ന കാലത്ത് പോലും ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയും കുടുംബത്തേയും വേട്ടയാടുകയായിരുന്നു. അവരില്‍ പലരും ഇന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയിലാണ്.
ഏറ്റവുമൊടുവില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന തൃശ്ശൂരില്‍ പി. ബാലചന്ദ്രനോട് പദ്മജ തോറ്റത് ആയിരം വോട്ടിനാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ചതിച്ചുവെന്ന് പദ്മജ അന്ന് തന്നെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും പരാതി നല്കി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.
ടി.എന്‍. പ്രതാപന്, എം.പി. വിന്‍സെന്റ് തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പദ്മജയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ പരിപാടിക്കെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റായിരുന്ന എം.പി. വിന്‍സെന്റ് അഞ്ചു ലക്ഷം വാങ്ങി. എന്നാല്‍ പ്രിയങ്കയോടൊപ്പം പ്രചരണ വാഹനത്തില്‍ കയറാന്‍ പോലും അനുവദിച്ചില്ല. പരാതി നല്കി മൂന്നു വര്‍ഷമായിട്ടും നടപടിയൊന്നുമുണ്ടായില്ല. മാത്രമല്ല വിന്‍സെന്റും പ്രതാപനും ഇന്ന് കെ.സി. വേണുഗോപാലിന്റെ വിശ്വസ്തരായി തൃശ്ശൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുന്നു.
2004ല്‍ പഴയ മുകുന്ദപുരം ലോക്സഭ മണ്ഡലത്തില്‍ പദ്മജ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്നും കരുണാകരന്റെ മകള്‍ എന്ന പേരില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തിരിഞ്ഞുകുത്തി. കോണ്‍ഗ്രസിനുള്ളിലെ കുതികാല് വെട്ട് സഹിക്കാതെ അതേ വര്‍ഷം ലീഡറും മകന് കെ. മുരളീധരനും കോണ്‍ഗ്രസ് വിട്ടു. എന്നിട്ടും പദ്മജ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കരുണാകരനെ തിരികെ കോണ്‍സില്‍ എത്തിക്കുന്നതിനും പദ്മജ ഏറെ പരിശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നന്ദി കാണിച്ചില്ല. 2016ല്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ ചതിച്ച് തോല്‍പ്പിച്ചു. 2021ലും ഇതേ ചതി ആവര്‍ത്തിച്ചു. ഇതോടെ ഇനി കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പദ്മജ പറയുന്നു.
2021ലെ തോല്‍വിക്ക് ശേഷം നല്കിയ പരാതിക്ക് പരിഹാരം കാണാത്തതു കൊണ്ട് പാര്‍ട്ടിയില്‍ അത്ര സജീവമായിരുന്നില്ല. ഒടുവില്‍ പുനഃസംഘടന വന്നപ്പോഴും നേതൃത്വം പദ്മജയെ തഴഞ്ഞു. കെപിസിസി ഉപാധ്യക്ഷയാക്കുമെന്ന് കരുതിയെങ്കിലും എഐസിസി അംഗം മാത്രമാക്കി. എഐസിസി അംഗങ്ങള്‍ എന്നത് ഒരു പൊതു സമ്മേളനത്തിനുള്ള എണ്ണമുണ്ട്.
ഒരു വനിതയ്ക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴും പാര്‍ട്ടി പദ്മജയെ തഴഞ്ഞു. പകരം പരിഗണിച്ചത് ജെബി മേത്തറെ. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന് കരുതി. അതുമുണ്ടായില്ല. നിരന്തരമായ അവഗണനയും ചതിയുമാണ് കോണ്‍ഗ്രസില്‍ നിന്ന് എന്നുമുണ്ടായിട്ടുള്ളത്. എന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. ലീഡറെ സ്നേഹിക്കുന്ന കോണ്‍ഗ്രസുകാരും ജനങ്ങളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും പദ്മജ വേണുഗോപാല്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: