ന്യൂദല്‍ഹി: ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ജൂണ്‍- ജൂലൈ മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റെയില്‍വേ. മുംബൈയെയും- അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നതാണ് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.
508 കിലോമീറ്ററാണ് ഇരുനഗരങ്ങള്‍ക്കുമിടയിലുള്ള ദൂരം. ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനാകും. ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്ന സര്‍വീസുകളുമുണ്ടാകും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന സര്‍വീസുകള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ടേമുക്കാല്‍ മണിക്കൂറാണെടുക്കുക.
മുംബൈ- അഹമ്മദാബാദ് ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 100 കിലോമീറ്ററിലധികം എലിവേറ്റഡ് സ്ട്രെച്ച് പൂര്‍ത്തിയാക്കി. നദികള്‍ക്കു കുറുകെ ആറ് പാലങ്ങള്‍ നിര്‍മിച്ചുവെന്നും റെയില്‍വെ അറിയിച്ചു. ഗുജറാത്തില്‍ 48 ശതമാനവും മഹാരാഷ്ട്രയില്‍ 22.5 ശതമാനവും പണികള്‍ പൂര്‍ത്തിയായി.
അതേസമയം, ആറ് ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങുന്നതിന് ജപ്പാനുമായുള്ള കരാര്‍ ഈ മാസം അവസാനത്തോടെ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 സപ്തംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിച്ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: