ലൂസെയന്‍: പാരിസ് ഒളിംപിക്സ് 2024ലെ ഹോക്കി മത്സരങ്ങളുടെ ഫിക്സര്‍ അന്താരാഷ്ട്ര ഹോക്കി സംഘടന(എഫ്ഐഎച്ച്) പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇക്കാര്യം സംഘടന പ്രഖ്യാപിച്ചത്.
എഫ്ഐഎച്ച് റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ ഭാരതത്തിന്റെ ആദ്യ പോരാട്ടം ജൂലൈ 27ന് ന്യൂസിലന്‍ഡിനെതിരെയാണ്. പൂള് ബിയില്‍ ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം, ഓസ്ട്രേലിയ(അഞ്ചാം റാങ്ക്), അര്‍ജന്റീന(ഏഴ്), അയര്‍ലന്‍ഡ്(12) എന്നിവരാണ് ന്യൂസിലന്‍ഡിനെ കൂടാതെ പൂള് ബിയില്‍ ഉള്‍പ്പെട്ട മറ്റ് ടീമുകള്‍.
കഴിഞ്ഞ വര്‍ഷം ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിനെ തുടര്‍ന്നാണ് ഭാരത പുരുഷ ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയത്.
നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ടോക്കിയോ ഒളിംപിക്സ് 2020ലാണ് ഹോക്കിയില്‍ ഭാരതം മെഡല്‍ നേടിയത്. ഒളംപിക്സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണമെഡല്‍ നേടിയതിനുള്ള റിക്കാര്‍ഡ് ഇപ്പോഴും ഭാരതത്തിന്റെ പേരിലാണ്. എട്ട് ഒളിംപിക്സുകളിലാണ് നേട്ടം കൊയ്തിട്ടുള്ളത്.
ഒളിംപിക്സില്‍ രണ്ട് പൂളുകളിലായാണ് ടീമുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ പൂളിലും തമ്മില്‍ പോരാടിച്ച് മുന്നിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും. തുടര്‍ന്നുള്ള നോക്കൗട്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ സ്വര്‍ണത്തിനായി പോരടിക്കുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഭാരതത്തിന്റെ മറ്റ് മത്സരങ്ങള്‍: ജൂലൈ 29 അര്‍ജന്റീനയ്ക്കെതിരെ രണ്ടാം മത്സരം, ജൂലൈ 30ന് മൂന്നാം മത്സരം അയര്‍ലന്‍ഡിനെതിരെ, ആഗസ്ത് ഒന്നിന് ബെല്‍ജിയത്തിനെതിരെ. ആഗസ്ത് രണ്ടിന് ഓസ്ട്രേലിയയ്ക്കെതിരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: