തിരുവനന്തപുരം: പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡ് സാറാ ജോസഫിന്റെ എസ്‌തേര്‍ എന്ന നോവലിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രദ്ധേയരായ യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റായ രജനി സുരേഷിന്റെ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിന് ലഭിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാര്‍ ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വി.കെ. ജയകുമാര്‍. അനീഷ് കെ. അയിലത്തറ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്.
സ്‌ത്രൈണ പ്രകൃതിയുടെ സങ്കീര്‍ണതകള്‍ അടയാളപ്പെടുത്തുന്ന ബൈബിള്‍ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രമായ എസ്‌തേറിന്റെ ജീവിതത്തെ പുനഃസൃഷ്ടിക്കുകയാണ് സാറാജോസഫ് എസ്‌തേര്‍ എന്ന നോവലില്‍ ചെയ്തിരിക്കുന്നത്. സമീപനത്തിലുള്ള പുതുമയും ഒരൂ പുരാണ കഥാപാത്രത്തെ പുനഃസൃഷ്ടിക്കുന്ന സവിശേഷമായ വൈഭവവും വെളിവാക്കുന്ന നോവലാണ് എസ്‌തേര്‍ എന്ന് ജൂറി വിലയിരുത്തി.
നമ്മുടെ നഷ്ടമാകുന്ന ഗ്രാമീണ പ്രകൃതിയുടെ സൗന്ദര്യവും ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും വരച്ചു കാട്ടി ഭൂതകാല വിസ്മയങ്ങള്‍ അടയാളപ്പെടുത്തുന്ന കൃതിയാണ് വള്ളുവനാടന്‍ വിഷുക്കുടുക്ക. ഭാഷാ പ്രയോഗങ്ങളിലും ആഖ്യാനരീതികളിലും പ്രസാദാത്മക ഭാവങ്ങളിലും സവിശേഷമായ അനുഭൂതി സമ്മാനിക്കുന്ന വള്ളുവനാടന്‍ വിഷുക്കുടക്ക ഒരു ഭാവഗീതം പോലെ വായനാ സൗഭാഗ്യമുള്ളതാണെന്ന് അവര്‍ഡ് കമ്മിറ്റി വിലയിരുത്തി.
അവാര്‍ഡുകള്‍ മാര്‍ച്ച് അവസാന വാരം തിരുവനന്തപുരത്ത് വച്ച് നല്കുമെന്ന് മലയാറ്റൂര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍, സെക്രട്ടറി അനീഷ് അയിലറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: