ഒരു ഇടവേളയ്ക്കുശേഷം ബെംഗളൂരുവില്‍ വീണ്ടും ബോംബു സ്ഫോടനമുണ്ടായിരിക്കുന്നു. വളരെ തിരക്കേറിയ വൈറ്റ്ഫീല്‍ഡ് പ്രദേശത്തെ രാമേശ്വരം കഫേയിലാണ് മാര്‍ച്ച് ഒന്നിന് ഉച്ചനേരത്ത് സ്ഫോടനം നടന്നത്. പത്തോളം പേര്‍ക്ക് പരിക്കുപറ്റിയതല്ലാതെ ആര്‍ക്കും ജീവാപായം സംഭവിക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടുവെന്നാണ് വിവരം. സംഭവം നടന്നയുടന്‍ തീപിടുത്തമാണെന്ന തരത്തില്‍ പ്രചാരണം നടന്നു. തല്‍പ്പരകക്ഷികള്‍ ബോധപൂര്‍വം ഇങ്ങനെ ചെയ്തതാണോയെന്ന് സംശയിക്കേണ്ടതുണ്ട്. അധികം വൈകാതെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി. ഇതില്‍നിന്ന് ഒരാള്‍ കഫേയ്ക്കകത്ത് ഒരു ബാഗ് കൊണ്ടുവയ്ക്കുന്നത് കാണാം. ഒരു മണിക്കൂറിനുശേഷം ഈ ബാഗാണ് പൊട്ടിത്തെറിച്ചത്. ടൈമര്‍ ഘടിപ്പിച്ച തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. വിവിധ പോലീസ് സംഘങ്ങളുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. മംഗലാപുരത്തും ശിവമോഗെയിലുമുണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന നിഗമനമാണ് പോലീസിനുള്ളത്. ഈ സ്ഫോടനങ്ങള്‍ക്കെല്ലാം ഉപയോഗിച്ചത് ഒരേതരത്തിലുള്ള സാമഗ്രികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മംഗലാപുരം-ശിവമോഗ പോലീസ് സംഘങ്ങള്‍ ബെംഗളൂരുവിലെത്തി പരിശോധന നടത്തുകയുണ്ടായി. ഒരേ ശക്തികള്‍ തന്നെയാണോ മൂന്നു സ്ഫോടനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച വസ്തുതകള്‍ മുഴുവന്‍ പുറത്തുവരുമെന്ന് കരുതാം.
രാമേശ്വരം കഫേയിലെ സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു, ധാര്‍വാര്‍ഡ്, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഐഎ, ഐബി എന്നീ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്നാണ് കര്‍ണാടക പോലീസിന്റെ അന്വേഷണം. നിലവിലെ യുഎപിഎ തടവുകാരെ ചോദ്യം ചെയ്ത് ഇപ്പോഴത്തെ ബോംബ് സ്ഫോടനവുമായി അവര്‍ക്ക് ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. ഇപ്രകാരം അന്വേഷണം ഒരുവശത്ത് നടക്കുമ്പോള്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും, അന്വേഷണത്തെ വഴിതെറ്റിക്കുന്നതുമായ പ്രതികരണങ്ങളാണ് നടത്തുന്നത്. കഫേയിലുണ്ടായത് ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമാണെന്നും, ബിസിനസ് വൈരാഗ്യമാണ് കാരണമെന്നുമൊക്കെ പ്രചരിപ്പിച്ചത് നിഷ്കളങ്കമായി കാണാനാവില്ല. കര്‍ണാടകയിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില അല്പ്പന്മാര് ശ്രമിക്കുകയാണെന്ന് കര്‍ണാടക മന്ത്രി ശങ്കരപ്രസാദ് പ്രസ്താവിച്ചത് സംഭവത്തിന്റെ ഗുരുതരാവസ്ഥ കുറച്ചുകാണിക്കുന്നതിനാണ്. കച്ചവടവുമായി ബന്ധപ്പെട്ട പരസ്പര വൈരാഗ്യം സ്ഫോടനത്തിന് കാരണമാകാമെന്ന് ആഭ്യന്തര മന്ത്രി പരമേശ്വര പറഞ്ഞതും അങ്ങേയറ്റം നിരുത്തരവാദപരമാണ്. ബിസിനസ് ശത്രുതയാവാം സ്ഫോടനത്തിനു കാരണമെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും പറയുകയുണ്ടായി. കേന്ദ്ര അന്വേഷണ-രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയാണ് സ്ഫോടനത്തിനു കാരണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഷ്ടലാക്കോടെ കുറ്റപ്പെടുത്തിയത്. രാമേശ്വരം കഫേയിലുണ്ടായത് ഭീകരാക്രമണം തന്നെയാണെന്ന് വ്യക്തമായിരിക്കെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഇങ്ങനെയൊക്കെ പെരുമാറുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്.
കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ആപല്‍ക്കരമായ രീതിയാണിത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഒരു മുസ്ലിം നേതാവ് ജയിച്ചതായി പ്രഖ്യാപിച്ചയുടന്‍ നിയമസഭയില്‍ ‘പാക്കിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നാലെയാണ് രാമേശ്വരം കഫെയില്‍ ബോംബു സ്ഫോടനമുണ്ടായത്. രണ്ട് സംഭവങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കില്‍പ്പോലും മനോഭാവത്തില്‍ സമാനതയുണ്ട്. കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ രാജ്യദ്രോഹം ചെയ്യാന്‍ പോലും തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് മതതീവ്രവാദികള്‍ കരുതുന്നത്. ഇത്തരക്കാരെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ച സംഭവങ്ങളും നിരവധിയാണല്ലോ. കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ ബെംഗളൂരു ഒരുകാലത്ത് മതതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരുന്നു. അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ചിന്നസ്വാമി സ്റ്റേഡിയം ബോംബു സ്ഫാടനമുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് മഹാനഗരം സാക്ഷ്യം വഹിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകരസംഘടനകളെ പരസ്യമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ തയ്യാറാവുകയുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തായി ബിജെപി അധികാരത്തില്‍ വന്നതോടെയാണ് കര്‍ണാടകയിലെ ഭീകരപ്രവര്‍ത്തനത്തെ ശക്തമായി നേരിടാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഇതിനു വീണ്ടും മാറ്റംവന്നു. മദനിയെ ജയില്‍ മോചിതനാക്കിയതും, കോടതി നിരോധിച്ച ഹിജാബ് അനുവദിച്ചതുമൊക്കെ കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കുന്നു. രാമേശ്വരം കഫേ സ്ഫോടനകേസ് എന്‍ഐഎ ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണ്. എല്ലാ വിവരങ്ങളും പുറത്തുവരികയും പ്രതികളെ പിടികൂടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: