കൊല്‍ക്കത്ത : സന്ദേശ്ഖാലിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വസ്തുതാന്വേഷണ സംഘം. തൃണമൂല്‍ നേതാക്കള്‍ ചേര്‍ന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ഭൂമി തട്ടിയെടുത്തെന്ന ആരോപണങ്ങളെ തുടര്‍ന്ന് സത്യാവസ്ഥ കണ്ടെണ്ടത്തുന്നതിനായി കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് ആറ് പേരടങ്ങുന്ന സംഘം സന്ദേശ്ഖാലിയിലെത്തിയത്. മുന്‍ പാട്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തിയത്.
സന്ദേശ്ഖാലിയിലെ ജനങ്ങളുമായും പരാതിക്കാരായ സ്ത്രീകളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോരുത്തരില്‍ നിന്നും ലഭിച്ചത്. ഒരു വ്യക്തിയുടെ നിയന്ത്രണത്തിലാണ് സന്ദേശ്ഖാലിയിലെ ജനങ്ങള്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ആജ്ഞയ്ക്കനുസരിച്ചേ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. ജനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി, ഭൂമി തട്ടിയെടുത്തു.
സന്ദേശ്ഖാലിയിലെ കുടുംബങ്ങളെയെല്ലാം ടിഎംസി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് വഴിയാധാരമാക്കി. ഭര്‍ത്താക്കന്മാരെയെല്ലാം ബാറിലേക്ക് കൊണ്ടുപോകും, സ്ത്രീകളെ അര്‍ധാരാത്രിക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് ഭൂമി തട്ടിയെടുക്കും. ഇനി കട നടത്തുന്നവര്‍ ആണെങ്കില്‍ ഉടമകള്‍ പ്രതിമാസം 20,000 മുതല്‍ 25,000 വരെ ഷാജഹാന് ഷെയ്ഖിനോ അനുയായിക്കോ നല്‍കണം. ഇല്ലെങ്കില്‍ അത് പിടിച്ചെടുക്കും.
സന്ദേശ്ഖാലിയിലെ സംഭവം എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒന്നാണ്. ഇവിടുത്തെ സ്ത്രീകള്‍ അഭിനന്ദനത്തിന് അര്‍ഹരാണ്. കേസില്‍ അടുത്തിടെ ഉണ്ടായ പുരോഗമനം അവര്‍ പൊരുതി നേടിയതാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. മഝേര്പര, നടുന്പര, നസ്കര്പര രസ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും സംഘം തെളിവെടുപ്പ് നടത്തി. കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം സന്ദര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു.
സന്ദേശ്ഖാലിയെ പ്രതിഷേധങ്ങളേയും ആരോപണങ്ങളേയും തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞാഴ്ചയാണ് ആറ് പേരടങ്ങുന്ന സംഘത്തിന് ഇവിടെ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്. അതിനിടെ ഷാജഹാന് ഷെയ്ഖിന്റെ അനുയായിയും ടിഎംസി നേതാവുമായ ഷിബു ഹസ്രയുടെ ഫാം തീയിട്ട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 185 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ വിട്ടയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: