ഇസ്ലാമബാദ്: മുഖ്യധാരാ സാമൂഹിക മാധ്യമ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കവുമായി പാകിസ്ഥാന്. ഇന്ന് ചേരുന്ന പാക് സെനറ്റ് യോഗത്തില്‍ ഇതിന് തീരുമാനമുണ്ടാകും.
രാജ്യത്തിനും സൈന്യത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ അവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) സെനറ്റര്‍ ബഹ്റമന്ദ് താംഗിയാണ് പ്രമേയം അവതരിപ്പിച്ചത്. 11ന് സെനറ്ററായുള്ള താംഗിയുടെ കാലാവധി അവസാനിക്കും.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ്, യൂട്യൂബ്, ടിക് ടോക്ക് എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരോധിക്കണമെന്നാണ് പ്രമേയത്തിലുള്ളത്. യുവതലമുറയെ അവയുടെ നിഷേധാത്മകവും വിനാശകരവുമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ഈ നീക്കം.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള് യുവതലമുറയെ പ്രതികൂലമായി ബാധിക്കുന്നു. മതത്തിനും സംസ്കാരത്തിനും എതിരായ ആചാരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഭാഷയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിനുമായാണ് ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നത്. ഇതില്‍ ആശങ്കയുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: