ന്യൂദല്‍ഹി: പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ചില ഭാരത നിര്‍മിത ആപ്പുകള്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഗൂഗിള്‍ തീരുമാനം പിന്‍വലിച്ച് ആപ്പുകള്‍ പുനഃസ്ഥാപിച്ചത്.
സര്‍വ്വീസ് ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ആപ്പുകള്‍ നീക്കാന്‍ കാരണമായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിരുന്നു. ഗൂഗിളിന്റെ നടപടി അനുവദിക്കാനാവില്ലെന്ന് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ആപ്പുകള്‍ പുനഃസ്ഥാപിച്ചത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുമെന്നും തര്‍ക്കം പരിഹരിക്കുന്നതിനായി ഗൂഗിളിനെയും നീക്കം ചെയ്ത ആപ്പ് ഡെവലപ്പര്‍മാരെയും ഈയാഴ്ച കാണുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഭാരതത്തിലുണ്ട്. നൂറിലധികം യൂണികോണുകളുമുണ്ട്. നമ്മുടെ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നൗക്കരി, 99 ഏക്കേഴ്സ്, നൗക്കരി ഗള്‍ഫ് ഉള്‍പ്പടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപ്പുകളാണ് ഗൂഗിള്‍ പുനഃസ്ഥാപിച്ചത്. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തിയിട്ടുണ്ട്. വൈകാതെ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് സൂചന.
പ്ലേ സ്റ്റോറില്‍ നിന്ന് ഇവ പ്രയോജനമുണ്ടാക്കുന്നുണ്ടെന്നും എന്നിട്ടും ഇവരില്‍ പലരും ഫീസ് അടയ്ക്കുന്നില്ലെന്നും കാട്ടിയാണ് ഗൂഗിള്‍ 10 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: