കറാച്ചി : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ ദുരൂഹ മരണങ്ങളുടെ നീണ്ട പട്ടികയിൽ ഒരാളുടെ പേരും കൂടി കുട്ടിച്ചേർത്തു. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) മോസ്റ്റ് വാണ്ടഡ് കമാൻഡറെ ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ മരിച്ച നിലയിൽ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്.
യുജെസിയുടെ സെക്രട്ടറി ജനറലും തഹ്രീക്-ഉൽ-മുജാഹിദീൻ (ടിയുഎം) ന്റെ സ്വയം പ്രഖ്യാപിത അമീറുമായ ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ അബോട്ടാബാദിൽ ദുരൂഹമായി കൊല്ലപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
ആരായിരുന്നു ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ?
ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ പുൽവാമ സ്വദേശിയാണ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ 2022 ഒക്ടോബറിൽ കേന്ദ്രം അയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
1990-ൽ രൂപീകരിച്ച ടിയുഎം, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഹിസ്ബ്-ഉൾ-മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് 2019 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ഏകോപിപ്പിച്ചിരുന്ന റഹ്മാൻ ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പങ്കാളിയാണെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: