തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന. മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നാളെ നൽകുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ ആലോചന.
കേന്ദ്രത്തിൽ നിന്നും 4000 കോടി രൂപ കിട്ടിയപ്പോഴാണ് ഓവർഡ്രാഫ്റ്റിലായിരുന്ന ട്രഷറിയിൽ പ്രതിസന്ധി ഒഴിഞ്ഞത്. ഈ പണം ശമ്പളത്തിനെടുത്താൽ ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോകും. ഇതൊഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് ധനവകുപ്പ് പരിധി നിശ്ചയിച്ചേക്കും. വൈദ്യുതി മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ പേരിൽ 4600 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. ഈ തുകക്കായി കേന്ദ്രവുമായി കേരളം ചർച്ച നടത്തും. പണം കിട്ടിയില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരും.
ശമ്പളം മുടങ്ങുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകൾ അറിയിച്ചു. മാർച്ച് മാസത്തെ ആകെ ചെലവുകൾക്കായി ആകെ 20000കോടി രൂപയാണ് സർക്കാരിന് കണ്ടെത്തേണ്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ശമ്പളവും മുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം നല്കി. ശമ്പളം മുടങ്ങിയതോടെ എന്തിനും ഏതിനും പിണറായി വിജയന് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളിലുള്‍പ്പെടെ പ്രതിഷേധമാണ്.
അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. സെക്രട്ടേറിയറ്റ്, റവന്യൂ, പോലീസ്, ട്രഷറി, ജിഎസ്ടി വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഒന്നാം തീയതി ശമ്പളം ലഭിക്കുന്നത്. അദ്ധ്യാപകര്‍ക്കു രണ്ടാം ദിനത്തിലാണ് ശമ്പളം. ഒന്നാം ദിവസം ശമ്പളം ലഭിക്കേണ്ടവര്‍ക്ക് അക്കൗണ്ടുകളില്‍ ശമ്പളമെത്തിയെന്നു കാണിച്ചെങ്കിലും തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
ശമ്പളത്തുക ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിലേക്കാണ് എത്തുന്നത്. ഇവിടെ നിന്നാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അക്കൗണ്ടിലേക്കെത്തുക. ഇടിഎസ്ബി അക്കൗണ്ടിലേക്ക് പണമെത്തിയതായി കാണിച്ചെങ്കിലും ബാങ്കുകളിലെത്തിയിട്ടില്ല. ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി തുക സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റാനുമായിട്ടില്ല. തുക ബാങ്കില്‍ നിന്നു പിന്‍വലിക്കാനും കഴിയുന്നില്ല. സാങ്കേതിക പ്രശ്നം മൂലമുണ്ടായ ബുദ്ധിമുട്ടാണെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
മാര്‍ച്ച് ഒന്നിനു നല്‍കാനുള്ള പെന്ഷന് തുകയും മുടങ്ങി. അഞ്ചുലക്ഷം പേരുടെ പെന്ഷന് തുകയില്‍ ഒന്നേകാല്‍ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കുള്ള തുക ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ട്രഷറിയിലെത്തേണ്ടത്. ശമ്പളവും പെന്‍ഷനും നല്കാന് പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ശമ്പളം കൊടുത്തെന്നു വരുത്തി വിമര്ശനമൊഴിവാക്കാനുള്ള തന്ത്രമാണ് സര്‍ക്കാരിന്റേതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്കു നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. ട്രഷറിയില്‍ പണമെത്തിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളോട് അവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം കൊടുത്തതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: