പത്തനംതിട്ട: പോലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ഇന്റലിജന്‍സും വിജിലന്‍സ് വകുപ്പും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നടപടി സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ്. സ്പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ 23 പോലീസുകാരുടെ പട്ടിക തയാറാക്കിയെങ്കിലും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല
പോലീസ് ആസ്ഥാനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ കൂടുതലും. ഇതില്‍ 10 പോലീസുകാര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരാതിയോ രഹസ്യ വിവരങ്ങളോ ലഭിച്ചാല്‍ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും തുടര്‍ന്ന് ഡയറക്ടറുടെ അനുമതിയോടെ വിശദാന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം.
എന്നാല്‍ പലപ്പോഴും പോലീസുകാരുടെ കുറ്റകൃത്യങ്ങള്‍ ഭരണസ്വാധീനവും രാഷ്ട്രീയ സമ്മര്‍ദവും മൂലം തുടക്കത്തിലേ അട്ടിമറിക്കപ്പെടുകയാണ്. ഗുണ്ടാബന്ധം, അനധികൃത സ്വത്തുസമ്പാദനം, മണല്‍-മണ്ണ് മാഫിയ ബന്ധം, വട്ടിപലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതി തീര്‍ക്കാന്‍ ഇടനില നില്ക്കുക തുടങ്ങി ഏറെ ആരോപണങ്ങള്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുണ്ട്. സേനയില്‍ വട്ടിപലിശക്കാര്‍ മുതല്‍ ഗുണ്ടകള്‍ വരെ ഉണ്ടെന്നും ബന്ധപ്പെട്ടവര്‍ തന്നെ മുമ്പും തുറന്നു സമ്മതിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസ് മാനദണ്ഡപ്രകാരം ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട.് ഇതില്‍ റെഡ് വിഭാഗം നിരന്തരമായി നിരീക്ഷണത്തില്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം എസ് ഐ 150, സിഐ 120, ഡിവൈഎസ്പി 45 എന്നിങ്ങനെയാണ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍. അനധികൃത ക്വാറി നടത്തിപ്പു മുതല്‍ പണം വച്ചുള്ള ചീട്ടുകളിക്ക് ഒത്താശ ചെയ്തവര്‍ വരെ ഇവരില്‍ ഉണ്ട്.
ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ഡവലപ്മെന്റ് കണക്ക് പ്രകാരം 564 പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 382 എണ്ണം ഗ്രാമങ്ങളിലും 102 എണ്ണം നഗരങ്ങളിലും ആണ്. കൂടാതെ 80 സ്പെഷല്‍ പര്‍പ്പസ് സ്റ്റേഷനുകളും നിലവിലുണ്ട്.
ക്രമസമാധാന പരിപാലന, നിയമ നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട പോലീസുകാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ക്രിമിനലിസം തടയണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2012ല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: