കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ. കരുനാഗപ്പള്ളിയിൽ നിന്നാണ് സിൻജോ ജോൺസൺ പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകായിരുന്നു. മർദ്ദന വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയത് സിൻജോ ജോൺസണാണ്. സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചുവെന്നും കണ്ടെത്തിയിരുന്നു. സിൻജോയെയും ഉൾപ്പെടുത്തി നാലു പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. അതേസമയം ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്ന കാശിനാഥനും കീഴടങ്ങിയിട്ടുണ്ട്.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്സണ്. സിന്‍ജോയാണ് സിദ്ധാര്‍ഥനെ കൂടുതല്‍ മര്‍ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയായിരുന്നു. കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: