ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ജെന്‍യു വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാങ്വേജ് സ്കൂള്‍ ജിബിഎമ്മില് പൊതുയോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് ഇടത് സംഘടനകളായ എസ്എഫ്ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്(ഡിഎസ്എഫ്), ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ) എന്നിവര്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അവരെ തന്നെ ലഷ്യമിട്ട് ആദ്യം പ്രകോപിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നെന്ന് എബിവിപി പറഞ്ഞു. തിരുമറി നടത്തി ജിബിഎമ്മിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ഇടത് അനുകൂല സംഘടനകള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചും വോട്ടെടുപ്പ് വൈകിപ്പിച്ചും ഏത് വിധേനയും യൂണിയന് നേടാനാണ് ഐഷി ഘോഷിന്റേയും എഐഎസ്എഫിലെ ഡാനിഷ് മുഹമ്മദിന്റേയും ശ്രമമെന്ന് എബിവിപിയും ആരോപിച്ചു.
യൂണിയന് തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവും ആയിരിക്കണമെന്നാണ് എബിവിപിയുടെ ആവശ്യം. ജിബിഎമ്മില് നടന്ന യോഗത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ കൂടാതെ പുറത്തുനിന്നുള്ളവരേയും ഇടത് അനുകൂലികള്‍ പങ്കെടുപ്പിച്ചു. ഇത് തിരിച്ചറിഞ്ഞതോടെ എബിവിപിയും മറ്റ് വിദ്യാര്‍ത്ഥികളും ഇവരോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതോടെ കള്ളിവെളിച്ചത്താവുകയും ചോദ്യം ചെയ്തവര്‍ക്കുനേരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന് നിഷ്പക്ഷമായ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന് അതിന്റേതായ രഹസ്യസ്വഭാവമുണ്ടെന്നും എബിവിപി ജെഎന്‍യു യൂണിറ്റ് പ്രസിഡന്റ് ഉമേഷ് ചന്ദ്ര അജ്മേര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭരണഘടനാമൂല്യങ്ങളെ ഹനിക്കുന്ന ഇടതുപക്ഷ ഗുണ്ടകള്‍ക്കെതിരെ തുടക്കം മുതല്‍ സാധാരണ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി പരിഷത്തും പ്രതിഷേധിച്ചു. അവരുടെ കൊള്ളരുതായ്മകള്‍ വിജയിക്കാതെ വന്ന നിരാശയില്‍ ഇടത് ഗുണ്ടകള്‍ സാധാരണ വിദ്യാര്‍ത്ഥികളെയും എബിവിപി പ്രവര്‍ത്തകരെയും ആക്രമിച്ചെന്നും എബിവിപി ആരോപിച്ചു.
എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടൂണ്ട്. പരിക്കേറ്റവരെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ജെഎന്‍യു അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഘര്‍ഷം സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: