ഗുരുവായൂരപ്പന്റെ ഉത്സവാഘോഷത്തിന്റെ താന്ത്രിക പ്രാധാന്യമുള്ള മുഖ്യ ചടങ്ങായ ഉത്സവബലി ആറ് മണിക്കൂറോളം നീളുന്ന ചടങ്ങാണ്. ബലിതൂവുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
പള്ളിവേട്ട ദിവസം ക്ഷേത്രത്തിനകത്തേക്ക് ഭക്തജനങ്ങള്‍ക്ക് വൈകീട്ട് പതിവ് ദര്‍ശന സൗകര്യമില്ല. അന്ന് അഞ്ചു മണിയോടു കൂടി കിഴക്കേ നടയില്‍ കൊടിമരച്ചുവട്ടിലെ പഴുക്കാമണ്ഡപത്തിലിരുത്തി ഭഗവത് വിഗ്രഹത്തിന് ദീപാരാധന നടത്തുന്നു. അതിനു ശേഷം ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. കിഴക്കേ നടയിലൂടെ ഭഗവദ് വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ പഞ്ചവാദ്യം നാദസ്വരം വാദ്യമേളങ്ങള്‍ കൃഷ്ണനാട്ടം കലാകാരന്മാരുടെ വേഷഭൂഷാദികളോടെയുള്ള എന്നിവ അനുഗമിക്കും.
പള്ളിവേട്ട തുടങ്ങുമ്പോള്‍ പന്നികളുടെയും മറ്റു മൃഗാദികളുടെയും വേഷം കെട്ടിയവര്‍ തയ്യാറിയി നില്ക്കും. പള്ളിവേട്ടയ്ക്ക് വനദേവതമാരുടെ അനുമതി തേടലിനു ശേഷം പുതിയത്ത് പിഷാരടി ‘പന്നി മനുഷം ഹാജരുണ്ടോ’ എന്ന് മൂന്ന് തവണ വിളിച്ചു ചോദിക്കുന്നു. ഇതിനകം പന്നിയുടെ വേഷമണിഞ്ഞ് ഭക്തര്‍ പള്ളിവേട്ടക്ക് തയ്യാറെടുത്തു നില്ക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ വഴിപാടായി പന്നിവേഷം കെട്ടുക പതിവുണ്ട്. പന്നിവേട്ട തുടങ്ങുമ്പോള്‍ ദേഹം മുഴുവന്‍ ഇലയും തൂപ്പും കെട്ടി ശരീരം മൂടി പന്നിയുടെ മുഖം കൃത്രിമമായി നിര്‍മ്മിച്ച് മുഖത്തണിഞ്ഞുകൊണ്ട് നടക്കുന്ന പന്നികള്‍ ഓടി രക്ഷപ്പെട്ട് ക്ഷേത്രത്തില്‍ അഭയം തേടുന്നു. ഭഗവാന് ആനപ്പുറത്തിരുന്ന് പന്നികളെ അനുധാവനം ചെയ്യുന്നു. വിവിധ വേഷങ്ങള്‍ കെട്ടിയ ആളുകളും ഭക്തരും ഓടിയും ചാടിയും അട്ടഹസിച്ചും ആര്‍പ്പുവിളിച്ചും തിടമ്പേറ്റിയ ആനയുടെ മുന്നിലും പിന്നിലുമായി ഓടി ഒമ്പതുവട്ടം ക്ഷേത്രം വലംവയ്ക്കുന്നു. ഒമ്പതാമത്തെ വലംവയ്ക്കലിനുശേഷം പന്നിമനുഷ്യനിലെ പ്രധാനി പിടഞ്ഞു വീഴും. ഭഗവാന് വേട്ടയാടി വീഴ്ത്തിയെന്നാണ് സങ്കല്പം.അവകാശികള്‍ പന്നിയെ തണ്ടിലേറ്റി കൊണ്ടുപോകുന്നു.
ഭഗവാന്റെ അവതാരമായ വരാഹത്തെയും മനുഷ്യ മനസിന്റെ ചപലതയുമാണ് പന്നിവേഷത്തിലൂടെ സൂചിപ്പിക്കുന്നത്. പള്ളിവേട്ടക്കു ശേഷം ഉത്സവവിഗ്രഹം ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിക്കുന്നു. ഭഗവാന് പള്ളിയുറക്കത്തിനുള്ള സജ്ജീകരണങ്ങള്‍ മണ്ഡപത്തില്‍ തയ്യാറാക്കുന്നു. അന്ന് മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം. പട്ടും പരവതാനികളുമക്കെ ഒരുക്കി ഭഗവാന്റെ ശയ്യ സജ്ജീകരിക്കുന്നു. മണ്ഡപം അലങ്കാരങ്ങളാല്‍ മോടിപിടിപ്പിച്ചിട്ടുണ്ടാകും. മുളയറയില്‍ നിന്നും ധാന്യത്തിന്റെ മുളകള്‍ കൊണ്ടുവന്ന് വിരിക്കുന്നു. അത്താഴ പൂജക്ക്ശേഷം പഞ്ചലോഹ നിര്‍മ്മിതമായ ഉത്സവ വിഗ്രഹത്തിലേക്ക് ഭഗവാനെ ആവാഹിക്കുന്നു. മണ്ഡപത്തില്‍ ഒരുക്കി വെച്ച മഞ്ചത്തില്‍ ആ വിഗ്രഹം പള്ളിയുറക്കത്തിനായി സ്ഥാപിക്കുന്നു. ഇതോടെ പള്ളിവേട്ടയുടെ ചടങ്ങുകള്‍ അവസാനിക്കുന്നു.
പള്ളിവേട്ട കഴിഞ്ഞ ഭഗവാന് പിറ്റേന്ന് ഉണരുന്നത് ആറു മണിയോടെയാണ് അന്നേ ദിവസം മൂന്ന് മണിക്ക് നട തുറക്കില്ല. പശുക്കുട്ടിയെ കണികണ്ടും ശംഖനാദം ശ്രവിച്ചുമാണ് ഭഗവാന് പള്ളിയുണരുന്നത്. ഭഗവാന് പിന്നീട് തീര്‍ത്ഥജലം കൊണ്ടുള്ള അഭിഷേകവും പ്രത്യേകം തയ്യാറാക്കിയ ചാന്തുകൊണ്ടുള്ള അഭിഷേകവും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: