ഓടുന്ന ട്രെയിനിൽ ആഡംബരമായ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന രാജ്യത്തെ തന്നെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസിലാണ് ഇതിനുള്ള അവസരം ലഭ്യമാകുക. പാലസ് ഓൺ വീൽസ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്കും കോർപ്പറേറ്റ് മീറ്റിംഗുകൾക്കും വിട്ടുകൊടുക്കുന്നതിനുള്ള അനുമതിയാണ് രാജസ്ഥാൻ സർക്കാർ നൽകിയിരിക്കുന്നത.
സംസ്ഥാനത്തേക്ക് നിരവധി സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് രാജസ്ഥാൻ സർക്കാരിന്റെ പുതിയ നീക്കം. രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രമാക്കി രാജസ്ഥാനെ മാറ്റുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. രാജസ്ഥാൻ സർക്കാരിന്റെ വിനോദ സഞ്ചാര മേഖലയുടെ അഭിമാന പദ്ധതിയാണ് പാലസ് ഓൺ വീൽസ്. ഇന്ത്യൻ റെയിൽവേയും രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായി സഹകരിച്ചാണ് സർവീസ് ആരംഭിക്കുന്നത്.
രാജകീയ പ്രൗഡിയോടെയുള്ള വിവാഹം ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. 23 കോച്ചുകളാണ് ട്രെയിനിലുള്ളത്.ഓരോ കോച്ചിനും പഴയ രാജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് പേരാണ് നൽകിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളുടെ അതേ മാതൃകയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളാണുള്ളത്. കോണ്ടിനെന്റൽ, ചൈനീസ് വിഭവങ്ങൾ, ഒരു ബാർ കംലോഞ്ച്, 14 സലൂണുകൾ, സ്പാ എന്നീ സൗകര്യങ്ങൾ ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനിൽ മഹാരാജ, മഹാറാണി എന്നീ രണ്ട് റസ്റ്റോറന്റുകളുമുണ്ട്.
39 ഡീലക്സ് ക്യാബിനുകളും രണ്ട് സൂപ്പർ ഡീലക്സ് ക്യാബിനുകളുമാണ് ട്രെയിനിലുള്ളത്. ആകെ 82 യാത്രികർക്കാണ് ഇതിൽ യാത്ര ചെയ്യാനാകുക. ഇതിന് പുറമെ 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3,000-ൽ കിലോമീറ്ററിൽ അധികം ട്രെയിൻ സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: