ന്യൂയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.എച്ച്.എന്‍.എ) യുടെ പൊങ്കാല മഹോത്സവം അഭൂതപൂര്‍വമായ പങ്കാളിത്തം കൊണ്ടും ആചാരത്തിലധിഷ്ഠിതമായ ചടങ്ങുകള്‍ കൊണ്ടും, സംഘടനാപാടവം കൊണ്ടും ശ്രദ്ധേയമായി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രാര്‍ത്ഥനാപൂര്‍വ്വം നടന്ന ചടങ്ങുകളില്‍ നൂറുകണിക്കിന് സ്ത്രീകള്‍ ആണ് ഓരോ സംസ്ഥാനത്തിലും പൊങ്കാല അര്‍പ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടന അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, ഒരേ സമയം പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. വിമന്‍സ് ഫോറമായ ‘തേജസ്വിനിയുടെ ‘ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ അമ്മക്ക്, കോടിക്കണക്കിനു സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിക്കുന്ന അതെ ദിവസം തന്നെയാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പൊങ്കാല സമര്‍പ്പണം നടന്നത് എന്നതും ഇത്തവണത്തെ ചടങ്ങുകളുടെ പ്രത്യേകതയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പൊങ്കാല മഹോത്സവത്തില്‍ കെ.എച്ച്.എന്‍.എ യുടെ കുടുംബാംഗങ്ങള്‍ മുഴുവനും അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. ചില സംസ്ഥാനങ്ങളിലെ അപ്രതീക്ഷിതമായ ജനപങ്കാളിത്തം മൂലം, സംഘാടകര്‍ക്ക് ഒന്നിലധികം സ്ഥലത്തു പൊങ്കാല മഹോത്സവം നടത്തേണ്ടതായി വന്നു.
കെ.എച്ച്.എന്‍.എ യുടെ വിമന്‍സ് ഫോറം ആയ ‘തേജസ്വിനിയുടെ’ പ്രവര്ത്തനോദ്ഘാടനത്തിനോടനുബന്ധിച്ചാണ്, പൊങ്കാല മഹോത്സവം നടത്തിയത്. ഇതുവഴി പൊങ്കാല സമര്‍പ്പണത്തിന്റെ പുണ്യം അമേരിക്കയിലെ ഓരോ കുടുംബങ്ങളിലും എത്തിക്കാന്‍ സാധിച്ചു എന്ന് വിമന്‍സ് ഫോറം ചെയര്‍ ബിന്ദു പണിക്കര്‍ അഭിപ്രായപ്പെട്ടു. വനിതാ കൂട്ടായ്മയുടെ, നേതൃപാടവത്തിന്റെ നേര്‍സാക്ഷ്യമാണ് ഇത്രയും ജനപങ്കാളിത്തമെന്നും ഇനിയും ‘തേജസ്വിനിയുടെ’ ആഭിമുഖ്യത്തില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഉണ്ടാവട്ടെയെന്നും പ്രസിഡന്റ് ഡോ. നിഷ പിള്ള ആശംസിച്ചു.
ബിന്ദു പണിക്കര്‍ , തങ്കം അരവിന്ദ് , അഞ്ജന പ്രയാഗ , വിനി കര്‍ത്ത, കവിത മേനോന്, ഹരിത ദേവീദാസ് എന്നിവര്‍ അംഗങ്ങളായുമുള്ള തേജസ്വിനിയുടെ അമരക്കാരും വിവിധ സംസ്ഥാനങ്ങളിലെ കെ.എച്ച്.എന്‍.എ യുടെ പ്രതിനിധികളും കൈകോര്‍ത്താണ് പൊങ്കാല മഹോത്സവത്തിന് നേതൃത്വം നല്‍കിയത്.
അരിസോന
അരിസോനയെ യാഗശാലയാക്കിയാണ് കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ (കെ.എച്.എ.) ആറ്റുകാല്‍ പൊങ്കാല ആഘോഷം നടന്നത്.. ആചാര വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ കൊണ്ടാടിയ പൊങ്കാല മഹോത്സവത്തില്‍ ഭക്തര്‍ സാധനകള്‍ അനുഷ്ഠിച്ച് അഖിലാണ്ഡേശ്വരിക്കു മുന്നില്‍ നിവേദ്യം അര്‍പ്പിച്ച് ആത്മസമര്‍പ്പണം നടത്തി. പ്രവാസികള്‍ക്ക് പുറമെ അമേരിക്കന്‍ സമൂഹവും പൊങ്കാല ചടങ്ങുകളില്‍ പങ്കുചേര്‍ന്നത് കൗതുകമുളവാക്കുന്ന കാഴ്ചയായി. അരിസോനയില്‍നിന്നും അടുത്തുള്ള സംസ്ഥാനത്തു നിന്നുമായി നിരവധി ഭക്തര്‍ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി.
ക്ഷേത്രശ്രീകോവിലില്‍ നിന്നു പകര്‍ന്ന നല്കിയ ദീപത്തില്‍ നിന്നും താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മേല്‍ശാന്തി ജായന്തേശ്വരന്‍ ഭട്ടര്‍ ക്ഷേത്രത്തിനു മുന്നിലെ പണ്ടാരഅടുപ്പില്‍ അഗ്നി പകര്‍ന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ലളിതാസഹസ്രനാമത്തിന്റെയും, വായ്കുരവയുടെയും, മന്ത്രോച്ചാരങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ പണ്ടാര അടുപ്പില്‍ അഗ്നിപടര്‍ത്തുന്ന കാഴ്ച ഭക്തമനസ്സുകളെ ആവേശത്തിലാഴ്ത്തി. പണ്ടാര അടുപ്പില്‍ നിന്നും കമ്മറ്റി ഭാരവാഹികള്‍ വലിയ പന്തത്തില് ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്കു അഗ്നി പടര്‍ത്തിയതോടുകൂടി ഭക്ത മനസ്സിനൊപ്പം ക്ഷേത്ര പരിസരവും അഗ്നിയെ ഏറ്റുവാങ്ങി. ചടങ്ങുകള്‍ക്ക് നീതു കിരണ്‍, കിരണ്‍ മോഹന്‍, ഡോ. ഗിരിജ മേനോന് എന്നിവര്‍ നേതൃത്വം നല്കി.
ന്യൂജേഴ്സി
കേരള ഹിന്ദൂസ് ഓഫ് ന്യൂജേഴ്സിയുടെ നേതൃത്വത്തില്‍ ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ പൊങ്കാല ആഘോഷം നടന്നു. ന്യൂജേഴ്സിക്ക് പുറമെ മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ഡെലവെയര്‍, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തകള്‍ മോര്‍ഗന്‍വില്ലിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലാണ് പൊങ്കാല അര്‍പ്പിച്ചത്. പ്രസിഡന്റ് ലത നായര്‍, ജനറല്‍ സെക്രട്ടറി രൂപാ ശ്രീധര്‍, കള്‍ച്ചറല്‍ സെക്രട്ടറി ലിഷ ചന്ദ്രന്, ട്രഷറര്‍ രഞ്ജിത്ത് പിള്ള, വൈസ് പ്രസിഡന്റ് അജിത് പ്രഭാകര്‍, എക്സ് ഒഫിഷ്യോ സഞ്ജീവ് കുമാര്‍, എക്സിക്യുട്ടീവ് കമ്മിറ്റി, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ആജീവനാന്ത അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊങ്കാല വിജയകരമായി നടത്തുന്നതിനുള്ള നേതൃത്വം വഹിച്ചു.
മന്ത്ര
മലയാളീ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് ന്റെ (മന്ത്ര)നേതൃത്വത്തില്‍ അമേരിക്ക യുടെ വിവിധ സംസ്ഥാനങ്ങളില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടന്നു .പൈതൃക പ്രചരണാര്‍ത്ഥം സ്ത്രീകളോടൊപ്പം മുതിര്‍ന്ന കുട്ടികളും ചടങ്ങുകളുടെ ഭാഗമായി.
ചിക്കാഗോയിലെ ഗീതാമണ്ഡലം, ഹ്യൂസ്റ്റണ്‍ നിലെ ഗുരുവായൂരപ്പന് ക്ഷേത്രം, സാന്‍ ഡിയാഗോ ശിവ വിഷ്ണു ടെംപിള്‍, ഷാര്‍ലെറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നേരിട്ടും ന്യൂയോര്‍ക്കില്‍ ഉള്‍പ്പടെ വിവിധ സംഘടനകളുമായി സഹകരിച്ചും സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ , അഭൂത പൂര്‍വമായ ഭക്ത ജന സാന്നിധ്യം ദൃശ്യമായി.
ചിക്കാഗോ ഹിന്ദു ക്ഷേത്ര തന്ത്രി, രാധാകൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആണ് ഷാര്‍ലട്ടില്‍ പൊങ്കാല ചടങ്ങുകള്‍ നടത്തിയത്. മന്ത്ര യുടെ നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ശ്യാം ശങ്കര്‍ ചടങ്ങിന്റെ മുന്നോടിയായി ആശംസ പ്രസംഗവും , ക്ഷേത്ര സംസ്കാരത്തില്‍ , ദേവി മാഹാത്മ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. കൈരളി സത് സങ് ഓഫ് കാരോലിനാസ് നെ പ്രതിനിധീകരിച്ചു അംബിക ശ്യാമള വിളക്കിനു തിരികൊളുത്തിയതോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു . കുമാരി പാര്‍വതി ആറ്റുകാല്‍ ദേവിക്കുള്ള പൊങ്കാല യുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.
മന്ത്ര വൈസ് പ്രസിഡന്റ് ഡീറ്റ നായരുടെയും വിമന്‍സ് ചെയര്‍ ഗീത സേതു മാധവന്റെയും നേതൃത്വത്തില്‍ നടന്ന പൊങ്കാലയില്‍ കവിത മേനോന്, ബാലാ കെ യാര്‍കെ, തങ്കമണി രാജു തുടങ്ങി നിരവധി മന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു.
ഗീതാമണ്ഡലം
ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ മകം തൊഴലും പൊങ്കാല മഹോത്സവും തറവാട് ക്ഷേത്രത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു.പൊങ്കാല അര്‍പ്പിച്ച് മകം തൊഴുത് അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുവാന്‍ ഇക്കുറിയും വന്‍ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ആയിരുന്നു ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.
വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ നാമാര്‍ച്ചനയാലും ശ്രീ രാജരാജേശ്വരി ദേവിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം മേല്‍ശാന്തി ബിജു ചെങ്ങണാംപറമ്പില്‍ ദേവിയില്‍നിന്നും അഗ്നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടര്‍ന്ന് വേദിയിലേ മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകര്‍ന്നു. പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന് ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തി. ഗീതാമണ്ഡലം അധ്യക്ഷന്‍ ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി ബൈജു മേനോന്, ആനന്ദ് പ്രഭാകര്‍, ഡോക്ടര്‍ വിശ്വനാഥ് കാട്ടകാട്, രവിന്ദ്രന്, പജീഷ് ഇരുത്തറമേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രം
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ പൊങ്കാല അതിഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തില്‍ വിപുലമായ സജ്ജീ കരണങ്ങള്‍ ആണ് ഒരുക്കിയിരുന്നത്. നിരവധി സ്ത്രീകള്‍ അമ്പല മുറ്റത്തു പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളില്‍ ദേവി പ്രീതിക്കായി പൊങ്കാല അര്‍പ്പിച്ചു.
മേല്‍ശാന്തി സൂരജ് തിരുമേനിയുടെ കര്‍മ്മികത്വത്തില്‍ ആരംഭിച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദേവി സന്നിധിയില്‍ നിന്നും പകര്‍ന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാരഅടുപ്പില്‍ തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. അമ്മേ നാരായണ ദേവി നാരായണ വിളികളാല്‍ മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് ദേവി ഭക്തകള്‍ തങ്ങളുടെ പൊങ്കാലനിവേദ്യം അര്‍പ്പിച്ചു.
പ്രസിഡന്റ് സുനില്‍നായര്‍, പൂജ കമ്മിറ്റി ചെയര്‍ രാജി പിള്ള, ഉത്സവകമ്മിറ്റി ചെയര്‍ മഞ്ജു തമ്പി, ട്രസ്റ്റീ ചെയര്‍ രമാ പിള്ള തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: