ഭഗവാന് ഭക്തനാല്‍ ഓതപ്രോതനായിരിക്കെ, ഭഗവദ്ദര്ശത്തിനാണോ താമസം? ജീവികള്‍ക്ക് ആരാധനയുടെ ആനന്ദം ആസ്വദിക്കാനുള്ള അവസരം പ്രദാനം ചെയ്യാന്‍ വേണ്ടിത്തന്നെയാണ് ഭഗവാന് സ്വയം യവനികയ്ക്കുള്ളിലൊളിഞ്ഞിരുന്ന് ഭക്തന് ഭക്തിരസത്തില്‍ അലിഞ്ഞു ചേരുന്നുവോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നത്. അവന് ആനന്ദനിമഗ്നനായി കഴിയുമ്പോള്‍ ഭഗവാന് സ്വയം വന്ന് ആനന്ദനൃത്തം ചെയ്യാന്‍ തുടങ്ങും. ഒരു അവസ്ഥാവിശേഷത്തിലെത്തുമ്പോള് ഭക്തന് പറയും, എനിക്ക് സിദ്ധിവേണ്ടാ, ഭക്തിമതി, സമാഗമമല്ല, വിരഹമാണ് അഭിലഷിക്കുന്നത്; എനിക്ക് സാഫല്യത്തിലല്ല കര്‍മ്മത്തിലാണ് സുഖം. എനിക്കു വേണ്ടത് സാധനങ്ങളല്ല, ഭാവനയാണ്. ഇതാണ് സിദ്ധി.
ശിലയുടെ ആത്മാവ് തുടര്‍ന്നു; അല്ലയോ സാധകാ മുന്നില്് നോക്കൂ, ഗംഗപ്രിയതമ സമാഗമത്തിനായി എത്ര ഉത്ക്കണ്ഠയോടെയാണ് കുതിച്ചു പായുന്നത്. ഈ കുതിച്ചു പോക്കില്‍ അവള്്ക്കെത്ര ആനന്ദമാണുള്ളത്! സമുദ്രവുമായി എപ്പോഴേ ചേര്്ന്നുകഴിഞ്ഞു. പക്ഷേ അതില്‍ ആനന്ദം എവിടെകിട്ടി? പ്രയത്നത്തിലുള്ള ആനന്ദം, ഭാവനയിലെ ആനന്ദം സമാഗമത്തില്‍ എങ്ങനെ ലഭിക്കാനാണ്? ഗംഗ സമാഗമത്തില്‍ സംതൃപ്തിയാവാതെ സമാഗമത്തിനുള്ള പ്രയത്നം അനന്തകാലം തുടര്‍ന്നുകൊണ്ടിരിക്കാന്‍ വ്രതമെടുത്തിരിക്കയാണ്. പിന്നെന്തിനാണ് സാധകാ നീ പരിഭ്രമിക്കുന്നത്, തിടുക്കം കൂട്ടുന്നത്? നിന്റെ ലക്ഷ്യം മഹത്തായതാണ്, നിന്റെ മാര്‍ഗ്ഗം മഹത്തായതാണ്, നീ മഹാനാണ്, നിന്റെ ജോലി മഹത്തേറിയതാണ്. മഹത്തായ ഉദ്ദേശത്തിനുവേണ്ടി മഹത്തായ ധൈര്യവും ആവശ്യമാണ്. ബാലസഹജമായ തിടുക്കംകൊണ്ട് ഇവിടെ പ്രയോജനമില്ല. സിദ്ധി എപ്പോഴാണ് ലഭിക്കുക എന്ന ചിന്തയുമായി കഴിയുന്നതുകൊണ്ട് എന്തു പ്രയോജനം?
ശിലയുടെ ആത്മാവ് അവിരാമം കഥനം തുടര്‍്ന്നു: ആത്മവിശ്വാസത്തോടെ പറഞ്ഞു; എന്നെ നോക്കൂ, ഞാനും എന്റെ അസ്തിത്വത്തെ ആ പരമമായ അസ്തിത്വത്തില്‍ ചേര്‍ത്തു കിട്ടാന്‍വേണ്ടി ഇവിടെ കിടക്കുകയാണ്. എന്റെ ഈ പാര്‍ത്ഥിവ ശരീരത്തെ, വിശാലമായ ഈ ശിലാഖണ്ഡത്തെ സൂക്ഷ്മാണുവാക്കി മാറ്റി, ആ മഹാസാഗരത്തില്‍ ലയിപ്പിക്കാനുള്ള അനുഷ്ഠാനത്തിലാണ് ഞാന്‍. ജലതരംഗത്തിന്റെ ഓരോ ഉരസലിലും എന്റെ ഒരംശം അടര്‍ന്നു രജകണമായി സമുദ്രത്തിലേയ്ക്കു പ്രവഹിക്കുകയാണ്. ഇങ്ങനെ സമാഗമത്തിന്റെ രസം തുള്ളി തുള്ളിയായി ആസ്വദിക്കുകയാണ് ഞാന്‍. ഞാന്‍ പൊടി പൊടിയായി ഉരയുകയാണ്. ഇങ്ങനെ പ്രേമത്തിന്റെ ആത്മദാനരസാസ്വാദനം അവുന്നത്ര ദീര്‍ഘകാലം അനുഭവിക്കുകയാണ്. ക്ഷമയില്ലാത്ത മറ്റു കല്ലുകളെപ്പോലെ പ്രവാഹത്തിന്റെ നടുവില്‍ ചെന്നു മറിയാന്‍ തുനിഞ്ഞിരുന്നെങ്കില്‍ മിക്കവാറും വളരെ മുമ്പുതന്നെ ലക്ഷ്യം പൂര്‍ത്തിയായേനേ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ തന്റെ പ്രിയപ്പെട്ടവനുവേണ്ടി, സ്വയം ഉരയുന്നതിന്റെ ആനന്ദം ലഭിക്കാതെ പോകുമായിരുന്നില്ലേ?
അക്ഷമ പാടില്ല. അക്ഷമയില്‍ അസൂയയാണുള്ളത്; വിദ്വേഷമാണ്, നൈരാശ്യമാണ്, അസ്ഥിരതയാണ്, വിശ്വാസരാഹിത്യമാണ്, ക്ഷുദ്രത്വമാണുള്ളത്. ഈ ദുര്ഗ്ഗുണങ്ങളുള്ള ഏതൊരുവനാണ് മഹാനായി തീര്‍ന്നിട്ടുള്ളത്? സാധകന്റെ പ്രഥമലക്ഷണമാണ് ധൈര്യം, ക്ഷമ. ധൈര്യസംരക്ഷണമാണ് ഭക്തിയുടെ പരീക്ഷ. ക്ഷമയില്ലെങ്കില്‍ പരാജയപ്പെട്ടതുതന്നെ. സാധകനെ അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളുടെയും, ഭയത്തിന്റെയും, നിരാശയുടെയും, ആവേശത്തിന്റെയും അവസരങ്ങള്‍ ക്ഷമാപരീക്ഷണം മാത്രമാണ്, മറ്റൊന്നുമല്ല. നീ എന്തു സാധകനാണ്? ഈ ഒന്നാം പാഠംപോലും പഠിച്ചിട്ടില്ലല്ലോ!
ശിലയുടെ ആത്മാവ് സംസാരം നിര്‍ത്തി. എന്റെ മയക്കം തെളിഞ്ഞു. ഈ ശകാരം അന്തഃകരണത്തെ ഉലച്ചുകളഞ്ഞു ഒന്നാം പാഠംപോലും പഠിക്കാതെ സാധകനാകാന്‍ പോകയാണത്രേ! ലജ്ജയും സങ്കോചവുംമൂലം തല താനേ കുനിഞ്ഞുപോയി. സ്വയം സമാധാനിപ്പിക്കയും ധിക്കരിക്കയും ചെയ്തുകൊണ്ടിരുന്നു. തല ഉയര്‍ത്തിനോക്കിയപ്പോള്‍ ഉഷയുടെ ചെങ്കതിരുകള്‍ മാനത്തു വീശിത്തുടങ്ങിയിരുന്നു. എഴുന്നേറ്റു ദിനകൃത്യനിര്വഹണത്തിലേര്പ്പെട്ടു.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: