നാഗ്പൂര്‍: ജീവിതം കൊണ്ട് രാജ്യത്തിന് മാതൃകയായ ആചാര്യനാണ് വിദ്യാസാഗര്‍ മുനിരാജെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കര്‍ക്കശമായ ഉപവാസവും പരിത്യാഗവും പിന്തുടര്‍ന്ന ആചാര്യ വിദ്യാസാഗര്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. അദ്ദേഹം ദേശീയതയില്‍ അടിയുറച്ചു നില്‍ക്കുകയും രാജ്യസ്നേഹത്തെക്കുറിച്ച് അനുയായികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു, നാഗ്പൂരിലെ ചിറ്റ്നിസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ഗുരു വിനയാഞ്ജലി പരിപാടിയില്‍ നവരത്ന ജൈന സന്ത് സംഘത്തെയും സാധ്വി സമൂഹത്തെയും അഭിവാദ്യം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
”ആചാര്യ വിദ്യാസാഗര്‍ മുനിരാജിനെ ആദ്യമായി കണ്ടപ്പോള്‍ ഭക്തിയെക്കാള്‍ യുക്തിയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ആ യുക്തിക്ക് പിന്നില്‍ സ്വാഭാവികമായ ഒരു അടുപ്പം കൂടി ഉണ്ടായിരുന്നു. സംന്യാസി സമൂഹം സമാജത്തെ സ്വന്തമായാണ് കാണുന്നത്, അതുകൊണ്ടു തന്നെ സമാജത്തിന്റെ നന്മയാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ ഉപദേശങ്ങള്‍ പിന്തുടര്ന്നാല് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
”അദ്ദേഹത്തിന്റെ അഭാവം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാമീപ്യമനുഭവിക്കുന്ന അരമണിക്കൂര്‍ നേരം മനസിനെ വരുന്ന ഒരു വര്‍ഷത്തേക്ക് അചഞ്ചലമാക്കാന്‍ ഉപകരിച്ചു. പുരോഗതി അവനവനില്‍ നിന്ന് ആരംഭിക്കണമെന്ന ആത്മനിര്‍ഭരതയുടെ മന്ത്രം അദ്ദേഹം നല്‍കിയതാണ്. രാജ്യത്തെ ഭാരതം എന്ന് വിളിക്കണമെന്ന് അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ആചാര്യന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടത്തിന് പരിഹാരമില്ല; പക്ഷേ, ആ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നതാണ് അദ്ദേഹത്തിനുള്ള സ്മരണാഞ്ജലി, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: