ന്യൂഡല്‍ഹി: വികസിത ഭാരതത്തിലേക്കു ചുവടുവയ്പായുള്ള വികസിത റെയില്‍വെയ്ക്ക് കരുത്തുപകരുന്ന 41,000 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍പ്പെടുത്തി രാജ്യത്തെ 554 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന്റെ ഉദ്ഘാടനവും 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി.
കേരളമുള്‍പ്പെടെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 554 സ്റ്റേഷനുകള്‍ 19,000 കോടി രൂപ ചെലവിലാണ് നവീകരിക്കുക. 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മേല്‍പ്പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്ന പദ്ധതികളുടെ ചെലവ് ഏകദേശം 21,520 കോടി രൂപയാണ്.
പൗരന്മാര്ക്ക് സുഗമമായ യാത്രാമാര്‍ഗമായി ഇന്നത്തെ റെയില്‍വെ മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങി പത്തു വര്‍ഷത്തിനുള്ളില്‍ റെയില്‍വെയിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. നവീകരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകള്‍ ആ നഗരത്തിന്റെ പ്രത്യേകതകള്‍ ലോകത്തിനു പരിചയപ്പെടുത്തും. ഈ സ്റ്റേഷനുകള്‍ ദിവ്യാംഗ, മുതിര്‍ന്ന പൗര സൗഹൃദവുമായിരിക്കും, പ്രധാനമന്ത്രി പറഞ്ഞു. തന്റെ മൂന്നാം ഊഴം ജൂണില്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രിമാരായ റാവുസാഹബ് ദാന്‍വെ, ദര്‍ശന ജര്‍ദോഷ് തുടങ്ങിയവരും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. 500 റെയില്‍വെ സ്റ്റേഷനുകളിലും 1500 മറ്റു വേദികളില്‍ നിന്നുമായി ലക്ഷക്കണക്കിനു ജനങ്ങള്‍ വികസിത ഭാരതം വികസിത റെയില്‍വെ പരിപാടിയുടെ ഭാഗമായി.
385 കോടി രൂപ ചെലവില്‍ പുനര്‍ വികസിപ്പിച്ച ഉത്തര്‍പ്രദേശിലെ ഗോമതി നഗര്‍ സ്റ്റേഷന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: